മുംബൈ: ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് ജാമ്യം. അറസ്റ്റിലായി 27-ാം ദിവസമാണ് ആര്യന് ജാമ്യം ലഭിക്കുന്നത്. ആര്യനു വേണ്ടി മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്തഗിയാണ് കോടതിയിൽ ഹാജരായത്. ബോംബെ ഹെെക്കോടതിയുടേതാണ് വിധി. കേസിലെ മറ്റ് പ്രതികളായ അർബാസ് മർച്ചന്റ്, മുൻമുൺ ധമേച്ച എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.21 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ആര്യൻ ഖാൻ പുറത്തിറങ്ങുന്നത്.
ആര്യൻ ഖാന്റെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 30വരെ പ്രത്യേക കോടതി നീട്ടിയതോടെയാണ് ബോംബെ ഹൈകോടതിയെ സമീപിച്ചത്. ആര്യൻ ഖാൻ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നും മയക്കുമരുന്ന് വിതരണക്കാരുമായി ബന്ധം പുലർത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതി ആര്യന് ജാമ്യം നിഷേധിച്ചത്.
ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഒക്ടോബർ മൂന്നിനാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത്. ആര്യന്റെ സുഹൃത്തുക്കളായ അർബാസ് മർചന്റ്, മുൺമുൺ ധമേച്ച എന്നിവരും അന്ന് പിടിയിലായിരുന്നു.