കോഴിക്കോട്: സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട അറസ്റ്റിൽ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് ഫിറോസ് പറഞ്ഞു. സമരത്തെ സർക്കാർ അടിച്ചമർത്തുകയാണെന്നും അതിനെ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
പി.കെ. ഫിറോസിന്റെ അറസ്റ്റ് തീക്കളിയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചു. പൊലീസ് നടപടിയെ ജനാധിപത്യപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. ജനാധിപത്യത്തിൽ എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുന്നത് ഫാസിസ്റ്റ് നടപടിയാണ് എന്നും അദ്ദേഹം പറഞ്ഞു. ജനുവരി 18ന് അറസ്റ്റിലായ മുപ്പതോളം പ്രവർത്തകർ ഇപ്പോഴും റിമാൻഡിലാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സർക്കാർ കള്ളക്കേസ് ഫയൽ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.