ഉത്തരകാശി: ഉത്തരാഖണ്ഡ് തുരങ്കത്തിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് പതിനഞ്ച് ദിവസം. വെള്ളിയാഴ്ച വൈകിട്ട് ഓഗർ മെഷീൻ പൂർണമായും തകർന്ന് പുറത്തെടുക്കാനാവാത്ത വിധം തുരങ്കത്തിൽ കുടുങ്ങിയതോടെ ഡ്രില്ലിംഗ് നിലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ബദൽ പദ്ധതിയായി ആർമിയെ ഉപയോഗിച്ച് മാനുവൽ ഡ്രില്ലിംഗ് നടത്താനാണ് പദ്ധതിയിടുന്നത്.തകർന്നുവീണ തുരങ്കത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ തുരന്നെടുക്കുന്നതിനിടെയാണ് മെഷീന്റെ ബ്ലേഡുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയത്.10 – 15 മീറ്റർ ആർമിയെ ഉപയോഗിച്ച് മാനുവൽ ഡ്രില്ലിംഗ് നടത്താനാണ് ആലോചന. ഒരു സമയം ഒരാൾക്ക് മാത്രമേ മാനുവൽ ഡ്രില്ലിംഗ് നടത്താൻ സാധിക്കുകയുള്ളൂ.ഇന്ത്യൻ ആർമിയിലെ മദ്രാസ് സാപ്പേഴ്സ് എന്ന എഞ്ചിനിയറിംഗ് വിഭാഗം രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. സൈനിക ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് വേണ്ട കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. തുരങ്കത്തിന് സമീപത്തായി നാൽപ്പത്തിയൊന്ന് ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്.
തൊഴിലാളികളെ പുറത്തെത്തിക്കാൻ ഇനിയും ആഴ്ചകൾ വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. തൊഴിലാളികൾ സുരക്ഷിതരാണെന്നും ഭക്ഷണവും വെള്ളവും ഓക്സിജനും മരുന്നുകളുമെല്ലാം നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സ്ഥിതിഗതികൾ വിലയിരുത്തി. തൊഴിലാളികളെ രക്ഷപ്പെടുത്താൻ എല്ലാ മാർഗങ്ങളും പരിശോധിക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തനം വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. കുടുങ്ങിക്കിടക്കുന്നവർക്ക് വീടുകളിലേക്ക് വിളിക്കാൻ ലാൻഡ് ഫോൺ ഒരുക്കും. ഇതിനായി വയറുകൾ വലിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ക്രിസ്തുമസിന് മുമ്പ് അവരെ പുറത്തെത്തിക്കുമെന്ന് വിദഗ്ദ്ധർ ഉറപ്പുനൽകി.