തിരുവനന്തപുരം: കവചിത സേനാ വിമുക്തഭടന്മാരുടെ നേതൃത്വത്തില്‍ 2022 മെയ് 01-ന് കവചിത സേനാ ദിനം ആചരിച്ചു. കൊല്ലം ഹോട്ടല്‍ സീ പാലസില്‍ വച്ച് നടന്ന ചടങ്ങ് പട്ടം എസ് യു ടി ആശുപത്രിയുടെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. തദവസരത്തില്‍ 1971 യുദ്ധത്തില്‍ വീരമൃത്യു വരിച്ചവരുടെയും മറ്റു യോദ്ധാക്കളുടെയും ത്യാഗങ്ങളെ അനുസ്മരിച്ച് അദ്ദേഹം സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് വീര്നാരിമാരെയും 40ഓളം വിമുക്ത സൈനികരെയും ആദരിക്കുകയുണ്ടായി. ഉന്നത വിദ്യാഭ്യാസത്തിലും കായിക മേഖലയിലും അന്തര്‍ സംസ്ഥാന തലങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെയും അനുമോദിച്ചു. ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് അപ്പച്ചന് കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഗിരീഷ്, സംസ്ഥാന ട്രഷറര്‍ സദാനന്ദന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
