മാറക്കാന: മെസിയുടെ നായകത്വത്തില്‍ അര്‍ജന്റീന കോപ്പാ അമേരിക്ക ഫുട്ബോള്‍ കിരീടം ചൂടി. ആവേശോജ്വലമായ കലാശപ്പോരാട്ടത്തിൽ ആതിഥേയരായ ബ്രസീലിനെ വീഴ്ത്തിയാണ് അർജന്റീന കോപ്പ അമേരിക്ക കിരീടം ചൂടിയത്. 28 വർഷം അര്‍ജന്റീന മനസില്‍ പേറി നടന്ന ദുഖത്തിനും ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോളോടെ അവസാനം.
നാല് വട്ടം കപ്പിനും ചുണ്ടിനും ഇടയില്‍ നിരാശനായി കളിക്കളം വിടേണ്ടി വന്ന മെസിയോട് കാലം ഒടുവില്‍ നീതി കാട്ടി. കഴിഞ്ഞ ദശകത്തില്‍ മൂന്ന് വട്ടമാണ് മെസിക്ക് അര്‍ജന്റീനിയന്‍ കുപ്പായത്തിലെ ഫൈനലില്‍ കാലിടറിയത്. രണ്ട് തവണ കോപ്പയിലും 2014 ലോകകപ്പിലും. 2007ല്‍ കോപ്പ അമേരിക്ക ഫൈനല്‍. എതിരില്ലാത്ത മൂന്ന് ഗോളിന് ബ്രസീലിനോട് തോറ്റു. 2014 ലോകകപ്പ ഫൈനലില്‍ ജര്‍മനിയോട് 1 0ന് കീഴടങ്ങി. 2015 കോപ്പ അമേരിക്കയില്‍ ഷൂട്ടൗട്ടില്‍ 4-1ന് ചിലിക്ക് മുന്പില് വീണു. 2016ലെ കോപ്പയില്‍ ചിലിയോട് ഷൂട്ടൗട്ടില്‍ വീണത് 2-4ന്. ഈ നാല് ഫൈനലിലും മെസി ഒരു ഗോള്‍ പോലും നേടിയിട്ടില്ല. കോപ്പ 2021ലും അതിന് മാറ്റമില്ല.
ഫൈനലില്‍ ശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവനെയാണ് ഇരു ടീമും അണിനിരത്തിയത്. റിച്ചാര്‍ലിസണെയും നെയ്മറെയും എവര്‍ട്ടനെയും ആക്രമണത്തിന് നിയോഗിച്ച് 4-3-3 ശൈലിയിലായിരുന്നു ടിറ്റെയുടെ ബ്രസീല്‍. ഫ്രഡും കാസിമിറോയും ലൂക്കാസ് പക്വേറ്റയും മധ്യനിരയില്‍. പ്രതിരോധത്തില്‍ പരിചയസമ്പന്നനായ നായകന് തിയാഗോ സില്‍വയ്ക്കൊപ്പം മാര്‍ക്വീഞ്ഞോസും റെനാന്‍ ലോദിയും ഡാനിലോയും അണിനിരന്നു. എഡേഴ്സണായിരുന്നു ഗോള്‍ബാറിന് കീഴെ ഗ്ലൗസണിഞ്ഞത്.
അതേസമയം 4-4-2 ശൈലിയാണ് കളത്തില്‍ സ്കലോണി സ്വീകരിച്ചത്. സ്ട്രൈക്കര്‍മാരായി ലിയോണല്‍ മെസിയും ലൗറ്ററോ മാര്‍ട്ടിനസും ബൂട്ടുകെട്ടിയപ്പോള്‍ എഞ്ചല്‍ ഡി മരിയയും റോഡ്രിഗോ ഡി പോളും ലിയാന്‍ഡ്രോ പരേഡസും ജിയോവനി ലോ സെല്‍സോയും മധ്യനിരയില്‍ അണിനിരന്നു. പ്രതിരോധക്കോട്ടയില്‍ നിക്കോളാസ് ഓട്ടമെന്‍ഡിയും ക്രിസ്റ്റ്യന്‍ റൊമേറോയും ഗോണ്‍സാലോ മോണ്ടിയേലും മാര്‍ക്കോസ് അക്യൂനയും സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി. സെമി ഷൂട്ടൗട്ടിലെ ഹീറോ എമിലിയാനോ മാര്‍ട്ടിനസായിരുന്നു ഗോള്‍ബാറിന് കീഴെ.