
മനാമ: മോട്ടോര്‍സ്പോര്‍ട്ട് പ്രേമികളില്‍ ആവേശത്തിന്റെ അലകളുയര്‍ത്തി അരാംകോ എഫ് 4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പിന് ബഹ്റൈനില്‍ തുടക്കം. ഉദ്ഘാടന മത്സരം ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്നു.

തീവ്രമായ ഓണ്‍-ട്രാക്ക് മത്സരം, ഉയര്‍ന്ന സാങ്കേതിക നിലവാരം എന്നിവ പ്രതിഫലിച്ച തുടക്കത്തിന് സാക്ഷ്യം വഹിക്കാന്‍ വന്‍ ജനസാന്നിധ്യമുണ്ടായി.

ഉദ്ഘാടന മത്സരത്തെ തുടര്‍ന്ന് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ അവാര്‍ഡ് ദാന ചടങ്ങ് നടന്നു. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് ഷെയ്ഖ് സല്മാന് ബിന്‍ ഇസ അല്‍ ഖലീഫ ട്രോഫികള്‍ സമ്മാനിച്ചു. ബ്രിട്ടീഷ് ഡ്രൈവര്‍ കിറ്റ് ബെലോഫ്സ്കിയാണ് (പിയാക്സ്) ഒന്നാം സ്ഥാനം നേടിയത്. ബി.ഐ.സി. ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ഷെരീഫ് അല്‍ മഹ്ദിയും ഡച്ച് ഡ്രൈവര്‍ നീന ഗഡെമാനും (കരാഗി) രണ്ടാം സ്ഥാനം നേടി. സൗദി ഡീസല്‍ ചെയര്മാന് റാദ് അബ്ദുല്‍ ജവാദും എമിറാത്തി ഡ്രൈവര്‍ തിയോ പാമറും (ജാക്കോ) മൂന്നാം സ്ഥാനവും നേടി.

മികച്ച വനിതാ ഡ്രൈവര്‍ക്കുള്ള അവാര്‍ഡ് നീന ഗഡെമാന് സമ്മാനിച്ചു.
