ബീജിംഗ്: ചൈനയിൽ ഖുർ ആൻ ആപ്ലിക്കേഷൻ നിറുത്തലാക്കി ആപ്പിൾ. ചൈനീസ് അധികൃതരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് രാജ്യത്തെ പ്രധാന ഖുർആൻ ആപ്പുകളിലൊന്നായ ഖുർആൻ മജീദ് ആപ്പിൾ സ്റ്റോറിൽനിന്ന് നീക്കം ചെയ്തതെന്നാണ് റിപ്പോർട്ട്.ആഗോളതലത്തിൽ ആപ്പ്സ്റ്റോറിൽ ലഭ്യമായ ഖുർആൻ മജീദ് ലോകമെമ്പാടും ലക്ഷക്കണക്കിന് ഇസ്ലാം മതവിശ്വാസികൾ ഉപയോഗിക്കുന്നുണ്ട്. ആപ്പിളിന്റെ ആപ്പ് സ്റ്റോർ നിരീക്ഷിക്കുന്ന ആപ്പിൾ സെൻസർഷിപ്പ് വെബ്സൈറ്റാണ് വിവരം പുറത്തുവിട്ടത്. ചൈനീസ് അധികൃതരിൽ നിന്ന് അനുമതികൾ ആവശ്യമായ ഉള്ളടക്കം ഉള്ളതിനാലാണ് ഖുർആൻ മജീദ് ആപ്പ് ആപ്പ്സ്റ്റോറിൽ നീക്കം ചെയ്തതെന്നാണ് ആപ്പിളിന്റെ വിശദീകരണം. വിഷയത്തിൽ ചൈനീസ് അധികൃതർ പ്രതികരിച്ചിട്ടില്ല.
ചൈനയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട മതമാണ് ഇസ്ലാമെങ്കിലും ഷിൻജിയാങിലെ ഉയിഗുർ മുസ്ലീങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളുടെ പേരിൽ ചൈനീസ് ഭരണകൂടം അന്താരാഷ്ട്ര തലത്തിൽ ഏറെ പഴി കേൾക്കുന്നുണ്ട്. നിലവിൽ പൊതുസ്ഥലങ്ങളിൽ പ്രാർത്ഥിക്കുന്നതിന് ഉയിഗുറുകൾക്ക് ചൈനീസ് ഭരണകൂടം വിലക്കേർപ്പെടുത്തിയെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഉയിഗുറുകൾക്കെതിരെ തുടരുന്ന നടപടികളുടെ ഭാഗമായാണ് രാജ്യത്ത് ആപ്പ് നിറുത്തലാക്കണമെന്ന ഭരണകൂടത്തിന്റെ ആവശ്യമെന്ന് വിമർശനമുയരുന്നുണ്ട്.