
മനാമ: ബഹ്റൈനില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ കേസില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി വിധിച്ച 10 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും അപ്പീല്‍ കോടതി ശരിവെച്ചു.
കേസിലെ മൂന്നാം പ്രതിയുടെ സഹായത്തോടെ പോലീസ് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് ഒന്നും രണ്ടും പ്രതികളായ ഡോക്ടര്‍മാരെ പിടികൂടിയത്. റിഫയിലെ ഒരു വീട്ടിലെ മലിനജല പൈപ്പില്‍ ഒരാള്‍ ഇടയ്ക്കിടെ കാറില്‍ വന്ന് എന്തോ വസ്തുക്കള്‍ വെക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ പോലീസ് കാറുടമയെ കണ്ടെത്തി. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ താന്‍ ഡോക്ടര്‍മാരില്‍നിന്ന് മയക്കുമരുന്ന് വാങ്ങുന്നുണ്ടെന്ന് സമ്മതിച്ചു.
പോലീസ് ഇയാളെക്കൊണ്ട് ഒരു ഡോക്ടറെ വിളിപ്പിച്ച് 20 ദിനാറിന്റെ മയക്കുമരുന്ന് ആവശ്യപ്പെട്ടു. അത് കൈമാറാനെത്തിയ ഡോക്ടറെ മൂന്നംഗ രഹസ്യപ്പോലീസ് സംഘം പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ മറ്റൊരു ഡോക്ടറും കൂടി മയക്കുമരുന്ന് വിപണത്തില്‍ പങ്കാളിയാണെന്ന് അയാള്‍ സമ്മതിച്ചു. ഇവരുടെ കാറുകളിലും താമസസ്ഥലങ്ങളിലും മറ്റുമായി മയക്കുമരുന്നുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്.
മയക്കുമരുന്ന് ഉപയോഗിച്ച കുറ്റത്തിന് മൂന്നാം പ്രതിക്ക് ഹൈ ക്രിമിനല്‍ കോടതി ആറു മാസം തടവും 100 ദിനാര്‍ പിഴയുംവിധിച്ചിരുന്നു.
