ആലപ്പുഴ: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആർക്ക് വേണമെങ്കിലും പങ്കെടുക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽഡിഎഫ് പ്രചാരണത്തിന്റെ ഭാഗമാവാനും പങ്കെടുക്കാനുമുള്ള പ്രൊഫ. കെ വി തോമസിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നു. ക്യാമ്പയിനിൽ ആർക്കു വേണമെങ്കിലും പങ്കെടുക്കാം. അതിനർത്ഥം അദ്ദേഹം ഇടതുമുന്നണിയിലേക്ക് വരുന്നു എന്നല്ല. ഇടതുമുന്നണിയിലേക്ക് പല ആളുകളും വരുന്നുണ്ട്. അവരെയെല്ലാം പൂർണ്ണമനസ്സോടെ സ്വീകരിക്കും, സഹകരിപ്പിക്കും. അതിനർത്ഥം ഘകടകക്ഷിയാക്കുന്നു എന്നല്ലെന്നും കാനം വ്യക്തമാക്കി.
തൃക്കാക്കരയിൽ സമുദായ ധ്രുവീകരണമില്ല. തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് ഫലം സാമുദായിക സമവാക്യങ്ങൾ ജനം തീരുമാനിക്കുന്നത് പോലെയാണ് സംഭവിക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലും അങ്ങനെ തന്നെയാണ് സംഭവിച്ചത്. പല സാമുദായിക ശക്തികളും ഇടതുപക്ഷത്തിന് എതിരായിട്ട് പോലും ജനങ്ങളുടെ വോട്ട് കൊണ്ട് ഇടതുമുന്നണി വിജയിച്ചു. ആ വിജയം തൃക്കാക്കരയിലെ ആവർത്തിക്കും. ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം സുനിശ്ചിതമാണ്. വിജയിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്. ജനങ്ങൾ എൽഡിഎഫിനോടൊപ്പമുണ്ട്. അതുകൊണ്ട് തന്നെ ശക്തമായ മത്സരം കാഴ്ചവെച്ച് തിരഞ്ഞെടുപ്പിൽ വിജയം നേടുമെന്നും കാനം രാജേന്ദ്രൻ ആലപ്പുഴയിൽ പറഞ്ഞു.