
കല്‍പ്പറ്റ: വനനിയമ ഭേദഗതിക്കെതിരെ പി.വി. അന്‍വര്‍ എം.എല്‍.എ. നടത്തുന്ന ജനകീയ യാത്രയുടെ പോസ്റ്ററില്‍ വയനാട് ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്റെ ചിത്രം.
കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ യാത്രയില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ജനകീയ യാത്രയ്ക്കു തുടക്കം കുറിച്ചുകൊണ്ട് ഇന്ന് വൈകീട്ട് പനമരത്ത് നടക്കുന്ന പൊതുയോഗം അപ്പച്ചന് ഉദ്ഘാടനം ചെയ്യുമെന്നാണ് അന്‍വര്‍ അറിയിച്ചത്.
എന്നാല്‍ തന്റെ അറിവില്ലാതെയാണ് അന്‍വര്‍ ഇക്കാര്യങ്ങള്‍ ചെയ്തതെന്ന് അപ്പച്ചന് പറഞ്ഞു. യാത്രയില്‍ പങ്കെടുക്കരുതെന്ന് കെ.പി.സി.സി. നേതൃത്വം അപ്പച്ചനു നിര്‍ദേശം നല്‍കിയതായി അറിയുന്നു. ജനകീയ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറാണെന്നും അന്‍വര്‍ അറിയിച്ചിരുന്നു.
വയനാട് ലോക്സഭാ മണ്ഡലത്തിലെ മാനന്തവാടി മുതല്‍ വഴിക്കടവ് വരെയാണ് അന്‍വര്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര നടത്തുന്നത്. ഞായറാഴ്ച വൈകീട്ട് എടക്കരയിലാണ് സമാപന സമ്മേളനം. കേരള വനനിയമ ഭേദഗതി ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കിയ സാഹചര്യത്തിലാണ് യാത്ര സംഘടിപ്പിക്കുന്നത്. നിയമം പ്രാബല്യത്തില്‍ വന്നാല്‍ കര്‍ഷകരുള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാകും പര്യടനമെന്ന് അന്‍വര്‍ പറയുന്നു.
അന്‍വര്‍ യു.ഡി.എഫുമായി അടുക്കാന്‍ നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് ഡി.സി.സി. പ്രസിഡന്റിനെക്കൊണ്ട് യാത്ര ഉദ്ഘാടനം ചെയ്യിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ തല്ക്കാലം അന്‍വറുമായി കൂട്ടു വേണ്ട എന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതിനിടെ മുസ്ലിം ലീഗിലേക്ക് ചേക്കേറാനും അന്‍വര്‍ നീക്കം നടത്തുന്നുണ്ടെങ്കിലും ഒരു വിഭാഗം ലീഗ് നേതാക്കളും അന്‍വറിനെതിരാണ്. വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിക്ക് അന്‍വര്‍ നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരുന്നു.
