ന്യൂ ഡൽഹി: ഇസ്രായേലിൽ സർക്കാർ വിരുദ്ധ പ്രതിഷേധത്തിന് ഇടയാക്കിയ നിയമഭേദഗതി നെതന്യാഹു സർക്കാർ മരവിപ്പിച്ചു. ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ഭേദഗതിയിൽ നിന്ന് പിൻമാറാൻ സർക്കാർ തീരുമാനിച്ചത്. ചർച്ചകളിലൂടെ ആഭ്യന്തരയുദ്ധം ഒഴിവാക്കാൻ അവസരം ലഭിക്കുമ്പോൾ അത് ഉപയോഗിക്കണമെന്ന് ഭേദഗതി മരവിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
കോടതി വിധികളെ മറികടക്കുന്ന നിയമം
നെതന്യാഹു സർകാർ പാസാക്കിയതിൽ പ്രതിഷേധിച്ച് ജനങ്ങൾ ദേശീയ പതാകയുമായി തെരുവിലിറങ്ങിയിരുന്നു. സർക്കാർ ജീവനക്കാരും സമരത്തിൽ പങ്കെടുത്തതോടെ ഓഫീസ് പ്രവർത്തനം സ്തംഭിച്ചു. ഇതോടെയാണ് പിൻമാറാനുള്ള സർക്കാർ തീരുമാനം.
ഇസ്രയേൽ തൊഴിലാളി സംഘടന നടത്തുന്ന സമരത്തിൻ്റെ ഭാഗമായി ഡൽഹിയിലെ ഇസ്രായേൽ എംബസി ഇന്നലെ അടച്ചിരുന്നു. ജഡ്ജിമാരെ നിയമിക്കുന്ന സമ്പ്രദായത്തിൽ മാറ്റം വരുത്താനുള്ള പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ നീക്കത്തിനെതിരെയാണ് ഇസ്രായേലിലെ ഏറ്റവും വലിയ തൊഴിലാളി സംഘടന സമരം നടത്തി വരുന്നത്.