
മാനന്തവാടി: വയനാട്ടിലെ പിലാക്കാവ് കമ്പമലയിൽ വീണ്ടും കാട്ടുതീ. സംഭവത്തിൽ ദുരൂഹത നിലനിൽക്കുകയാണ്. ആരെങ്കിലും തീയിട്ടതാണോ എന്ന് സംശയമുയരുന്നുണ്ട്.
ഇന്നലെ കാട്ടുതീയുണ്ടായ സ്ഥലത്തോടു ചേർന്നാണ് ഇന്നും കാട്ടുതീയുണ്ടായത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മലയുടെ മുകളിൽ തീപടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് വനം വകുപ്പിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിക്കുകയായിരുന്നു. തീയണയ്ക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.
ഇന്നലെയും ഇതേ സ്ഥലത്ത് തീപിടിച്ചിരുന്നു. വനം വകുപ്പും അഗ്നിരക്ഷാ സേനയും ചേർന്ന് നാലു മണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്. വീണ്ടും ഇതേ സ്ഥലത്തു തീപിടിത്തമുണ്ടായതിൽ ദുരൂഹതയുണ്ടെന്നാണ് വനംവകുപ്പിന്റെ നിഗമനം. സ്വാഭാവികമായുണ്ടായ തീയല്ല എന്നാണ് നോർത്ത് വയനാട് ഡി.എഫ്.ഒ. മാർട്ടിൻ ലോവൽ പറഞ്ഞത്.
വനാതിർത്തിയിൽനിന്ന് ഏറെ മാറി ഉൾവനത്തിലെ പുൽമേടുകളാണ് കത്തിയത്. സ്വമേധയാ കാട്ടുതീയുണ്ടാകേണ്ട സമയമായിട്ടില്ല. സ്വമേധയാ കത്താനുള്ള സാധ്യതയുമില്ല. ആരെങ്കിലും തീയിട്ടതാകാമെന്നും അദ്ദേഹം പറഞ്ഞു.
കടുവ യുവതിയെ കൊന്നുതിന്ന പഞ്ചാരക്കൊല്ലിക്കു സമീപത്തെ വനത്തിലാണ് തീപിടിത്തമുണ്ടായത്. കടുവയുടെ ആക്രമണത്തെത്തുടർന്ന് പിലാക്കാവിൽ വലിയ പ്രതിഷേധം നടന്നിരുന്നു. കടുവ പ്രശ്നവുമായി ബന്ധപ്പെട്ടാണോ തീപിടിത്തമുണ്ടായതെന്നുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. സാധാരണ വേനൽ കടുക്കുമ്പോൾ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് കാട്ടുതീയുണ്ടാകുന്നത്.
