ഈ ദിവസം ഇങ്ങേരെക്കുറിച്ചാണ് എഴുതേണ്ടത്… ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ്ബിയിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ.. അനില്‍ നെടുമങ്ങാട് മരിക്കുന്നതിനു മണിക്കൂറുകള്‍ മുമ്പ് തന്റെ പ്രിയ സംവിധായകന് സച്ചിയെ അനുസ്മരിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ച വരികളാണിത്. അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ ജന്മദിനമായിരുന്നു ഇന്ന്. തനിക്ക് കരിയറില്‍ ഏറ്റവും മികച്ച വേഷം നല്കിയ പ്രിയ സംവിധായകന്റെ ജന്മദിനത്തില് തന്നെ മരണത്തിനു കീഴടങ്ങി അനിലും. തികച്ചും അപ്രതീക്ഷിതമായ മരണം.
മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ ഒരുപിടി കഥാപാത്രങ്ങള്‍ സമ്മാനിച്ചാണ് അനിലിന്റെ മടക്കം. സിനിമയിലേക്ക് എത്താന്‍ വൈകിയെങ്കിലും അവതരിപ്പിച്ച വേഷങ്ങള്‍ ഒന്നിനൊന്നു മികച്ചതായിരുന്നു. എംജി കോളജിലും സ്കൂള്‍ ഓഫ് ഡ്രാമയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അനില്‍ അതുല്യ കഴിവുകളുള്ള ഒരു നടനായിരുന്നു. സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ മാത്രം മതി ആ പ്രതിഭ അറിയാന്‍. നാടകരംഗത്തൂം ടെലിവിഷന്‍ രംഗത്തും സജീവമായിരുന്ന അനില്‍ കൈരളി ടിവിയില്‍ അവതരിപ്പിച്ച പരിപാടി ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇന്നത്തെ ട്രോളുകള്‍ക്കും മീമുകളും വര്ഷങ്ങള്ക്കുമുന്നെ ജനങ്ങളിലേക്ക് എത്തിച്ചത് അനിലായിരുന്നു. 2020 മലയാള സിനിമ ലോകത്തു നിന്നു തട്ടിപ്പറിച്ചെടുത്തിരിക്കുന്നു. തന്റെ പ്രിയ സുഹൃത്തിനു പിറന്നാള്‍ ആശംസകള്‍ അര്‍പ്പിക്കാന്‍ ആ ലോകത്തേക്ക് തന്നെ അനിലും യാത്രയായി.