ന്യൂഡൽഹി: ഡൽഹിയിൽ കോടതിക്കുള്ളിള്ളിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഗുണ്ടാത്തലവൻ ജിതേന്ദ്ര എന്ന ഗോഗിയും അക്രമം നടത്തിയ രണ്ട് പേരുമാണ് കൊല്ലപ്പെട്ടത്. അക്രമികളെ പോലീസാണ് വധിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് പോലീസ് പറഞ്ഞു. വടക്കൻ ഡൽഹിയിലെ രോഹിണിയിലെ കോടതി സമുച്ചയത്തിനുള്ളിലാണ് സംഭവം.
നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട തിഹാർ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാസംഘത്തലവനായ ജിതേന്ദർ ഗോഗി കോടതിയിൽ ഹാജരാക്കപ്പെടുമ്പോൾ എതിരാളികളായ “തില്ലു തജ്പുരിയ സംഘത്തിലെ” അംഗങ്ങൾ അഭിഭാഷകരുടെ വേഷം ധരിച്ച് കോടതിയിൽ പ്രവേശിക്കുകയും വെടിയുതിർക്കുകയും ആയിരുന്നു. ഗോഗി തൽക്ഷണം മരിച്ചു.
അഭിഭാഷകരുടെ വേഷത്തിലാണ് അക്രമികൾ കോടതിമുറിക്കുള്ളിലെത്തിയതിനാൽ പ്രതികളെ തിരിച്ചറിയാൻ പോലീസിന് സാധിച്ചില്ല. രണ്ട് സംഘങ്ങളും വർഷങ്ങളായി അസ്വാരസ്യത്തിലായിരുന്നുവെന്നും അവരുടെ ഏറ്റുമുട്ടലിൽ 25 ലധികം പേർ മരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതേ തുടർന്നുണ്ടായ കുടിപ്പകയാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.
