ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്സ് (46) കാറപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രി ക്വൂന്സ്ലാന്ഡിലെ ടൗണ്‍സ് വില്ലെയിലുള്ള വീട്ടില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ ഹാര്‍വെ റേഞ്ചിലായിരുന്നു സംഭവം. സൈമണ്ട്സ് ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടതായാണ് വിവരം.
ഓസ്ട്രേലിയ്ക്കായി 26 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള സൈമണ്ട്സ് രണ്ട് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. 1462 റണ്‍സും 24 വിക്കറ്റുകളും സ്വന്തം പേരിലാക്കി. 198 ഏകദിനങ്ങളില്‍ നിന്നായി 5088 റണ്‍സും 133 വിക്കറ്റുകളും സൈമണ്ട്സ് നേടിയിട്ടുണ്ട്. ഓസീസ് നേടിയ രണ്ട് ലോകകപ്പ് ടീമുകളില്‍ ഭാഗമായിരുന്നു. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങള്‍ കളിച്ച സൈമണ്ട്സ് 337 റണ്‍സും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ 1998 -ല്‍ പാക്കിസ്ഥാനെതിരായിട്ടായിരുന്നു അരങ്ങേറ്റം. 2009-ല്‍ പാക്കിസ്ഥാനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും കളിച്ചത്.
സൈമണ്ട്സിന്റെ മരണം ഐസിസിയുടെ ട്വിറ്ററിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മരണത്തില്‍ ഞെട്ടലും രേഖപ്പെടുത്തി. 2022 ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച മൂന്നാമത്തെ മരണമാണിത്. ഇതിഹാസ താരം ഷെയ്ന് വോണ്‍ ഈ വര്‍ഷം ആദ്യമാണ് അന്തരിച്ചത്. പിന്നാലെ റോഡ് മാര്‍ഷും മരിച്ചു. ഇപ്പോള്‍ അപ്രതീക്ഷിതമായി മുന്‍ ഓള് റൗണ്ടറുടെ വിയോഗ വാര്‍ത്തയുണ്ടാക്കിയ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം.