തിരുവനന്തപുരം : ആന്ധ്രപ്രദേശിലെ മെച്ചപ്പെട്ട രീതിയിലുള്ള പൊതുവിതരണ സംവിധാനം നേരിട്ടു കാണുന്നതിനായും ഉല്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങൾ എങ്ങനെയാണ് സൂക്ഷിക്കുന്നത് എന്നും ആയത് വിതരണം ചെയ്യുന്നത് എങ്ങനെയാണെന്നും നേരിട്ട് മനസിലാക്കാനുമായി കേരളത്തിൻ്റെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലും ആന്ധ്രാപ്രദേശ് ഭക്ഷ്യ മന്ത്രി കോടലി വെങ്കിടശ്ശേരറാവുമായി വിജയവാഡയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. മൂന്നു മണിക്കൂർ നീണ്ട കൂടി കാഴ്ചയിൽ ആന്ധ്രയിലെ പൊതുവിതരണ രംഗത്ത് നടപ്പിലാക്കി വരുന്ന പുതിയ പദ്ധതികളും പരസ്പരം ചർച്ച ചെയ്തു. ഇതിൻ്റെ ഭാഗമായി ആന്ധ്രയിലെ സിവിൽ സപ്ലൈസ് കോർപറേഷനും ,ശാസ്ത്രീയമായ ഭക്ഷ്യ സുരക്ഷ ഗോഡൗണുകൾ ,പരിശോധന ലാബുകൾ എന്നിവ ഇരു മന്ത്രിമാരുടെയും നേതൃത്വത്തിൽ സന്ദർശിച്ചു. കേരളത്തിന് മുൻപ് ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കിയ ആന്ധ്രയിൽ നിന്നും ശാസ്ത്രീയമായി നടപ്പാക്കി വരുന്ന മെച്ചപ്പെട്ട രീതികൾ നേരിട്ട് മനസിലാക്കാൻ കഴിഞ്ഞതായി മന്ത്രി ജി.ആർ അനിൽ അറിയിച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിൻ്റെ ഭാഗമായി ഇന്ന് തെലുങ്കാന സംസ്ഥാനത്തെ പൊതു വിതരണ രംഗത്തെ വിവിധ സ്ഥാപനങ്ങൾ മന്ത്രി നേരിട്ട് സന്ദർശനം നടത്തും.
