അമരാവതി: പ്രളയത്തില്‍ മുങ്ങിയ ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ ജലസംഭരണിയിൽ വിള്ളൽ. തിരുപ്പതിക്ക് സമീപമുള്ള റയല ചെരിവ് ജലസംഭരണിയിലാണ് വിള്ളലുണ്ടായത്. ജലസംഭരണിയിൽ നാലിടങ്ങളിൽ വിള്ളലുണ്ടായതായി കണ്ടെത്തി. സംസ്ഥാനത്തെ ഏറ്റവും വലുതും 500 വർഷം പഴക്കം ചെന്നതുമായ ജലസംഭരണിയാണിത്. ജലസംഭരണി അപകടാവസ്ഥയിലാണെന്നും വെള്ളം ചോരുന്നതായി കണ്ടെത്തിയെന്നും ജില്ലാ കളക്ടർ പറഞ്ഞു. ഇതേത്തുടർന്നു 20 ഗ്രാമങ്ങൾ അടിയന്തരമായി ഒഴിപ്പിച്ചു. വ്യോമസേനയും ദുരന്തനിവാരണ സേനയും ചേർന്നാണ് ആളുകളെ ഒഴിപ്പിച്ചത്.
ക്ഷേത്രനഗരമായ തിരുപ്പതിയോട് ചേർന്നുള്ള ഈ പ്രദേശങ്ങളിലെല്ലാം നാലു ദിവസമായി കനത്ത മഴ തുടരുന്നു. മലയാളികളടക്കം തിരുപ്പതി ക്ഷേത്രത്തിലെത്തിയ നിരവധി പേർ കുടുങ്ങിക്കിടക്കുകയായിരുന്നു. എസ്പിഎസ് നെല്ലൂർ ജില്ലയിലെ സോമശില അണക്കെട്ടിൽനിന്ന് രണ്ടു ലക്ഷത്തിലധികം ക്യുസെക്സ് ജലം പുറത്തേക്ക് ഒഴുക്കിവിട്ടതാണ് വെള്ളപ്പൊക്കത്തിനു കാരണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചത്.