മനാമ: പ്രമുഖ പത്രപ്രവർത്തകനും ബഹ്റൈൻ മുൻ പ്രവാസിയുമായ ഷമീർ ഭരതന്നൂർ രചനയും സംവിധാനം നിർവഹിച്ച “അനക്ക് എന്തിൻ്റെ കേടാ..” സിനിമയിൽ അഭിനയിച്ച ബഹ്റൈനിലെ കലാകാരന്മാർക്ക് ഫ്രൻ്റ്സ് സർഗവേദി സ്വീകരണം നൽകി. മലയാള സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഇത്രയും പ്രവാസികൾ ഒരു സിനിമയിൽ ഒരുമിച്ചഭിനയിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഫ്രന്റ്സ് സർഗവേദി രക്ഷാധികാരി സഈദ് റമദാൻ നദ്വി പറഞ്ഞു. സാമൂഹിക പ്രതിബദ്ധത വിളിച്ചറിയിക്കുന്ന ഈ സിനിമയിൽ കേരളത്തിൽ ഇന്നും നിലനിൽക്കുന്ന അയിത്തവും തൊട്ടുകൂടായ്മയും വിഷയീഭവിക്കുന്നുണ്ടെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സമൂഹത്തിന് നേരെ തിരിച്ച് വെച്ച ഒരു കണ്ണാടിയാണ് ഈ സിനിമ. ബാർബർ സമൂഹം കേരളത്തിൽ പലയിടത്തും ഇന്നും വിവേചനത്തിന് ഇരയായി കൊണ്ടിരിക്കുന്നുവെന്നത് ഏറെ പൊള്ളുന്ന യാഥാർഥ്യമാണ്. കാമ്പുള്ള സിനിമകളെ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നതിൻ്റെ തെളിവാണ് ഈ സിനിമക്ക് കിട്ടി കൊണ്ടിരിക്കുന്ന പിന്തുണ. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകൻ ഫ്രാൻസിസ് കൈതാരത്ത് ഈ സിനിമയുടെ നിർമാതാവാണ്.
സിനിമയിലെ നായിക സ്നേഹ അജിത്, ജയ മേനോൻ, പ്രകാശ് വടകര, ഡോ. പി.വി. ചെറിയാൻ, അൻവർ നിലമ്പൂർ, ശിവകുമാർ കൊല്ലറോത്ത്, ഇഷിക പ്രദീപ്, പ്രീതി പ്രവീൺ, അജി സർവാൻ, പ്രവീൺ നമ്പ്യാർ, ഡോ. ശിഹാൻ അഹ്മദ്, ഷാഹുൽ ഹമീദ് ചുള്ളിപ്പാറ എന്നിവരാണ് ഈ സിനിമയിൽ ബഹ്റൈനിൽ നിന്നും വേഷമിട്ടത്.
ചടങ്ങിൽ സാമൂഹിക പ്രവർത്തകരായ സുബൈർ എം.എം, ജമാൽ ഇരിങ്ങൽ, ഫസലുൽ ഹഖ്, മജീദ് തണൽ, ഫ്രൻ്റ്സ് സർഗവേദി റിഫ ഏരിയ കൺവീനർ ഡോ. സാബിർ, മനാമ ഏരിയ കൺവീനർ ജലീൽ മല്ലപ്പിള്ളി, അഹ്മദ് യാസീൻ തുടങ്ങിയവർ സംസാരിച്ചു. സിഞ്ചിലെ ഫ്രന്റ്സ് സെന്ററിൽ നടന്ന പരിപാടി സിറാജ് പള്ളിക്കര നിയന്ത്രിച്ചു. ഗഫൂർ മൂക്കുതല സമാപനം നിർവഹിച്ചു.