കോഴിക്കോട്: കോഴിക്കോട്ട് ഒരു കുട്ടിക്കുകൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കാരപ്പറമ്പ് സ്വദേശിയായ നാലു വയസുകാരനാണ് പോണ്ടിച്ചേരിയിലെ ലാബിൽ നടന്ന പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്.
സ്വകാര്യ ആശുപത്രിയിലുള്ള കുട്ടിയുടെ നില തൃപ്തികരമാണ്. നേരത്തെ ഈ രോഗം ബാധിച്ച ഒരു മൂന്നര വയസുകാരനും ചികിത്സയിലുണ്ട്.
ഈ മാസം തുടക്കത്തിൽ തിക്കോടി സ്വദേശിയായ 14കാരനും രോഗം സ്ഥിരീകരിച്ചിരുന്നു. അതിനു മുമ്പ് രോഗം ബാധിച്ച് കോഴിക്കോട് ഫാറൂഖ് കോളേജിനടുത്ത മൂളിപ്പറമ്പ് സ്വദേശിയായ 12 വയസുകാരനും മലപ്പുറം മുന്നിയൂര്‍ സ്വദേശിയായ അഞ്ചു വയസുകാരിയും കണ്ണൂര്‍ തോട്ടട സ്വദേശിയായ പതിമൂന്നു വയസുകാരിയും മരിച്ചിരുന്നു.