തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്തു വിടുന്നതില്‍ താരസംഘടനയായ ‘അമ്മ’യ്ക്ക് എതിര്‍പ്പില്ലെന്ന് നടന് സിദ്ധിഖ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടായാലും അതിന്റെ കണ്ടെത്തലുകളായാലും പുറത്തു വിടുന്നതില്‍ അമ്മയ്ക്ക് ഒരു എതിര്‍പ്പുമില്ല. അതിനോട് സംഘടനയ്ക്ക് അനുകൂല മനസ്സാണുള്ളത് എന്നും അമ്മ ട്രഷറര്‍ കൂടിയായ സിദ്ധിഖ് മാധ്യമങ്ങളോട് പറഞ്ഞു.
റിപ്പോര്‍ട്ട് പുറത്തുവിടണോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാര്‍ തീരുമാനത്തെ അമ്മ എതിര്‍ക്കേണ്ട കാര്യമില്ല. സാംസ്കാരികമന്ത്രി വിളിച്ച ചര്‍ച്ച വളരെ നല്ലതായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള 90 ശതമാനം നിര്‍ദേശങ്ങളോടും യോജിപ്പാണ്. 10 ശതമാനത്തില്‍ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് തോന്നുന്നുവെന്നും സിദ്ധിഖ് പറഞ്ഞു.
ഹേമ കമ്മിറ്റി രൂപീകരിച്ചത് തന്നെ ഡബ്ല്യുസിസിയുടെ ആവശ്യപ്രകാരമാണ്. അതുകൊണ്ടു തന്നെ അതുമായി ബന്ധപ്പെട്ട് കൂടുതല്‍ നിര്‍ദേശങ്ങള്‍ വെക്കാനുള്ളതും അവര്‍ക്കാണ്. അമ്മയെ സംബന്ധിച്ചിടത്തോളം പ്രത്യേക നിര്‍ദേശങ്ങള്‍ വെക്കാനില്ലെന്നും സിദ്ധിഖ് പറഞ്ഞു.
അതേസമയം ചര്‍ച്ച നിരാശാജനകമാണെന്നാണ് സിനിമാമേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി പ്രതികരിച്ചത്. വളരെ സമയമെടുത്ത് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങളും നിഗമനങ്ങളും എന്താണെന്ന് അറിയണം. രഹസ്യാത്മകത നിലനിര്‍ത്തി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. സാംസ്കാരിക വകുപ്പ് തയ്യാറാക്കിയ കരട് നിര്‍ദേശങ്ങള്‍ കൂടുതല്‍ അവ്യക്തതയുണ്ടാക്കുന്നതാണെന്നും നടി പത്മപ്രിയ പറഞ്ഞു.