കൊച്ചി: സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് ഇടവേള ബാബു. ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് പടിയിറങ്ങുന്നതിനു മുൻപായി അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ പ്രതിസന്ധികളിൽ കൂടി ‘അമ്മ’ കടന്നുപോയപ്പോൾ പലരും തന്നെ ബലിയാടാക്കി എന്നാണ് ഇടവേള ബാബു പറഞ്ഞത്.
സമൂഹ മാധ്യമങ്ങളിൽ അടക്കം വിമർശനം ഉന്നയിച്ചപ്പോൾ ഒരാൾ പോലും അതിനു മറുപടി പറഞ്ഞില്ല. ജനറൽ സെക്രട്ടറിയായിരുന്ന് അത്തരം കാര്യങ്ങൾ പറയുന്നതിനു പരിമിതിയുണ്ട്. മറ്റുള്ളവരായിരുന്നു അതിനെതിരെ സംസാരിക്കേണ്ടിയിരുന്നതെന്നും അതുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ പെയ്ഡ് സെക്രട്ടറിയാണെന്നു ചില കോണുകളിൽനിന്ന് ആരോപണം ഉയർന്നു. എനിക്ക് ശമ്പളം തരണമെന്ന് ആദ്യമായി പറഞ്ഞതു ജഗതി ശ്രീകുമാറാണ്. എന്നാൽ അക്കാര്യം മുന്നോട്ടു പോയില്ല. അതിനുശേഷം 9 വർഷം മുൻപു മാത്രമാണു 30,000 രൂപ വീതം അലവൻസ് തരാൻ തീരുമാനിക്കുന്നത്. പിന്നീട് കഴിഞ്ഞ ഭരണസമിതിയാണ് അത് 50,000 രൂപയാക്കിയത്. അതിൽ 20,000 രൂപ ഡ്രൈവറിനും 20,000 രൂപ ഫ്ലാറ്റിനുമാണ് നൽകുന്നത്. 10,000 രൂപ മാത്രമാണ് എന്റെ ഉപയോഗത്തിന് എടുത്തത്. ഞാൻ കഴിഞ്ഞ തവണ ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ സംഘടനയ്ക്ക് 36 ലക്ഷം രൂപയും ഇത്തവണ ഒരു കോടി രൂപയും നീക്കിയിരിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ആറര കോടി രൂപ കൂടി സംഘടനയ്ക്കായി ബാക്കിവച്ചിട്ടാണ് ഞാൻ പടിയിറങ്ങുന്നത്.- ഇടവേള ബാബു പറഞ്ഞു.

സംഘടനയുടെ പ്രവർത്തനങ്ങളിൽ മമ്മൂട്ടിയും മോഹൻലാലും ഇന്നസെന്റും അടക്കം നേതൃത്വത്തിലുണ്ടായിരുന്നവർ വലിയ പിന്തുണയാണു നൽകിയതെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ഭരണസമിതിയിൽ ഉള്ളവർക്ക് ഇത്തരം പ്രശ്നങ്ങൾ നേരിടുമ്പോൾ പിന്തുണ കൊടുക്കണമെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു.