കൊച്ചി: ഹെലികോപ്ടർ അപകടമുണ്ടായപ്പോൾ തന്നെ രക്ഷിച്ചവർക്ക് നേരിട്ടെത്തി നന്ദി പറയാൻ വന്ന ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലിയുടെ അടുത്ത് വീടിന്റെ ജപ്തിയുമായി ബന്ധപ്പെട്ട സങ്കടം പറയാനെത്തിയ ആമിനയ്ക്കും കൈത്താങ്ങ്. അപകടം നടന്ന സ്ഥലവും ആ സ്ഥലത്തിന്റെ ഉടമസ്ഥൻ പീറ്റർ നിക്കോളസിനെയും കുടുംബത്തെയും അപകട സമയത്ത് ജീവൻ രക്ഷിച്ച രാജേഷിൻ്റെ കുടുംബത്തെയും കണ്ടു നന്ദി പറഞ്ഞ യൂസഫലി അവർക്കും സമ്മാനങ്ങൾ നൽകി മടങ്ങുമ്പോഴായിരുന്നു സങ്കടം അറിയിക്കാൻ കാഞ്ഞിരമറ്റം സ്വദേശി ആമിന വന്നത്.
കയ്യിലെ തുണ്ടുകടലാസിൽ കുറിച്ച സങ്കടവുമായാണ് ആമിന യൂസഫലിയെ കാണാനെത്തിയത്. അഞ്ചു ലക്ഷം രൂപ വായ്പയെടുത്തതു കാരണം ആമിനയുടെ വീട് ജപ്തി ഭീഷണിയിലാണ്. ജപ്തി ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ജീവനക്കാർക്കു നിർദേശം നൽകിയ ശേഷം യൂസഫലി ആമിനയോടു പറഞ്ഞു: ‘ജപ്തിയുണ്ടാകില്ല പോരേ’. നിറഞ്ഞ കണ്ണുകളോടെ ആമിന കൈകൂപ്പി.
യൂസഫലി കാറിലേക്ക് കയറാൻ പോകുമ്പോഴായിരുന്നു ആമിന തന്റെ സങ്കടവുമായി എത്തിയത്. ഈ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ആമിന ഉമ്മയ്ക്കും കുടുംബത്തിനും ഇനി കാഞ്ഞിരമറ്റത്തെ സ്വന്തം വീട്ടിൽ സ്വസ്ഥമായി അന്തിയുറങ്ങാം. വായ്പ അടവോ, ജപ്തി ഭീഷണിയോ ഓർത്ത് ആമിന ഉമ്മയുടെ കണ്ണുകളിനി നിറയില്ല. എല്ലാത്തിനും എം എ യൂസഫലിയോട് നന്ദി പറയുകയാണ് ആമിന ഉമ്മയും കുടുംബവും.
തൊഴിലുറപ്പ് ജോലിയ്ക്കിടയിൽ ആരോ കാണാൻ വന്നിരിക്കുന്നതറിഞ്ഞ് വീടിന് സമീപത്തേക്ക് ആമിന ഉമ്മയും ഭർത്താവ് സെയ്ദ് മുഹമ്മദും ഓടിയെത്തി. ചെളി പുരണ്ട വസ്ത്രം പോലും മാറാതെ, എത്തിയവരോട് കാര്യമെന്തെന്ന് ആമിന തിരക്കി. ലുലു ഗ്രൂപ്പിലെ ജീവനക്കാരെന്ന് അറിയിച്ചപ്പോഴും ഒന്നും മനസ്സിലാകാതെ ആമിന നിന്നു. യൂസഫലി ഉറപ്പ് നൽകിയതനുസരിച്ച് കീച്ചേരി സർവ്വീസ് സഹകരണ ബാങ്കിൽ വായ്പയും കുടിശ്ശികയുമായി അടയ്ക്കാനുണ്ടായിരുന്ന 3,81,160 രൂപ അടച്ച് തീർത്തതായി ജീവനക്കാർ ആമിനയോട് പറഞ്ഞു. വായ്പ അടവും പലിശയും ബാങ്കിൽ കെട്ടിവെച്ചതിൻ്റെ രസീത് ലുലു ഗ്രൂപ്പ് മീഡിയ കോർഡിനേറ്റർ എൻ ബി സ്വരാജ് ആമിനയുടെ കൈകളിൽ ഏൽപ്പിച്ചു. ഒരു നിമിഷം ആശ്ചര്യപ്പെട്ട് നിന്ന ആമിനയുടെ കണ്ണുകൾ നിറഞ്ഞു. സങ്കടം വൈകാതെ പുഞ്ചിരിക്ക് വഴിമാറി. ജപ്തി ഭീഷണി നീങ്ങിയത് സത്യമെന്ന് ബോധ്യപ്പെട്ടതോടെ വാക്ക് പാലിച്ച യൂസഫലിക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ ആമിന നന്ദി പറഞ്ഞു. പുരയിടം ജപ്തി ഭീഷണിയിലായ സങ്കടം ഇന്നലെ യൂസഫലിയോട് നേരിട്ട് പറയുമ്പോൾ എല്ലാ വിഷമങ്ങൾക്കും ഇത്രവേഗം പരിഹാരമാകുമെന്ന് ആമിന ഒരിക്കലും കരുതിയിരുന്നില്ല. ക്യാൻസർ രോഗബാധിതനായ ആമിനയുടെ ഭർത്താവ് സെയ്ദ് മുഹമ്മദിനുള്ള ചികിത്സ ആവശ്യങ്ങൾക്കടക്കം 50,000 രൂപയും യൂസഫലിയുടെ നിർദേശപ്രകാരം കൈമാറി. ബാങ്കിൽ പണമടച്ച രസീത് കൈമാറി ലുലു ഗ്രൂപ്പ് ജീവനക്കാർ മടങ്ങുമ്പോഴും നിറഞ്ഞ സന്തോഷവും ആശ്ചര്യവുമായിരുന്നു ആമിനയുടെയും സെയ്ദ് മുഹമ്മദിൻ്റെയും മുഖങ്ങളിൽ.
ആമിനയുടെ കുടുംബം കാഞ്ഞിരമറ്റം കീച്ചേരി സർവ്വീസ് സഹകരണ ബാങ്കിൽ നിന്നാണ് വീടിരിയ്ക്കുന്ന സ്ഥലം പണയം വെച്ച് നേരത്തെ വായ്പ എടുത്തിരുന്നത്.
മകളുടെ വിവാഹ ആവശ്യത്തിനായിരുന്നു വായ്പ. സെയ്ദ് മുഹമ്മദിൻ്റെ ചികിത്സയ്ക്കും മറ്റുമായി ചെലവുകൾ വരിയും അടവ് മുടങ്ങുകയും ചെയ്തതോടെ സ്ഥലം ജപ്തി ഭീഷണിയിലായി. വായ്പ തുകയായ 214242 രൂപയും, പലിശയും പിഴ പലിശയുമടക്കം ആകെ 3,81,160 രൂപയാണ് ആമിന ഉമ്മക്ക് വേണ്ടി യൂസഫലി ബാങ്കിൽ കെട്ടിവെച്ചത്.