കാബൂൾ: അമേരിക്കൻ സൈനികരെ വീണ്ടും ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി യു.എസ്. എംബസി. കാബൂൾ വിമാനത്താവളത്തിലെ നാല് കവാടങ്ങളിലുമായി തങ്ങിയിരിക്കുന്ന എല്ലാ അമേരിക്കൻ പൗരന്മാരോടും ഉടൻ സ്ഥലത്തുനിന്നും മാറണമെന്നാണ് നിർദ്ദേശം.
‘അമേരിക്കൻ പൗരന്മാരും സൈനികരും കാബൂളിലെ വിമാനത്താവളത്തിന് ചുറ്റുമുള്ള നാല് കവാടങ്ങളിൽ നിന്നും എത്രയും പെട്ടന്ന് പിന്മാറണം. അബ്ബേ ഗേറ്റ്, ഈസ്റ്റ് ഗേറ്റ്, നോർത്ത് ഗേറ്റ്, ന്യൂ മിനിസ്ട്രി ഓഫ് ഇന്റീരിയർ ഗേറ്റ് എന്നിവിടങ്ങളിൽ നിന്നും എത്രയും പെട്ടന്ന് പിന്മാറണം.’ കാബൂളിലെ യു.എസ്. എംബസ്സി മുന്നറിയിപ്പിൽ പറയുന്നു.
രണ്ടു ദിവസം മുമ്പാണ് അബ്ബേ കവാടത്തിലും ഹോട്ടൽ പരിസരത്തുമായി ഐ.എസ്.ചാവേർ ആക്രമണം നടത്തിയത്. അബ്ബേ കവാടത്തിൽ സുരക്ഷ നോക്കിയിരുന്ന 13 സൈനികരാണ് കൊല്ലപ്പെട്ടത്. ഐ.എസ് ഭീകര നേതാവിനെ വകവരുത്തിക്കൊണ്ടാണ് അമേരിക്ക 24 മണിക്കൂറിനുള്ളിൽ തിരിച്ചടിച്ചത്. ഡ്രോൺ ആക്രമണത്തിലൂടെയാണ് കാറിൽ സഞ്ചിരിക്കുകയായിരുന്ന നേതാവിനെ വധിച്ചതെന്ന് പെന്റഗൺ ഇന്ന് സ്ഥിരീകരിച്ചിരുന്നു.