
ന്യൂഡൽഹി: രണ്ട് പതിറ്റാണ്ട് മുമ്പ് ചൈനയുമായി വ്യാപാര ബന്ധത്തിലേർപ്പെട്ടപ്പോൾ അമേരിക്കയ്ക്ക് സംഭവിച്ച തെറ്റുകൾ ഇന്ത്യയുടെ കാര്യത്തിൽ ആവർത്തിക്കില്ലെന്ന് യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗ. ഇന്ത്യയുമായുള്ള പുതിയ വ്യാപാര കരാറുകളിൽ അമേരിക്കൻ ജനതയുടെ താൽപ്പര്യങ്ങൾക്കായിരിക്കും മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. “ചൈനയ്ക്ക് വിപണികൾ തുറന്നുകൊടുത്തപ്പോൾ അവർ വളർന്ന് നമ്മളെത്തന്നെ തോൽപ്പിക്കുന്ന അവസ്ഥയുണ്ടായി. ആ തെറ്റ് ഇന്ത്യയുടെ കാര്യത്തിൽ ചെയ്യില്ലെന്ന് ഞങ്ങൾ ഉറപ്പാക്കും. എന്ത് ചെയ്താലും അത് ഞങ്ങളുടെ ജനങ്ങളോട് നീതിപുലർത്തുന്നതാകണം,” ലാൻഡൗ പറഞ്ഞു.
ഡൊണാൾഡ് ട്രംപ് ഭരണകൂടം രാജ്യതാൽപ്പര്യത്തിന് വലിയ വില നൽകുന്നു. എന്നാൽ ‘അമേരിക്ക ഫസ്റ്റ്’ എന്നത് കൊണ്ട് ‘അമേരിക്ക മാത്രം’ എന്നല്ല അർത്ഥമാക്കുന്നത്. മറ്റു രാജ്യങ്ങളുമായുള്ള സഹകരണത്തിലൂടെ മാത്രമേ ലക്ഷ്യങ്ങൾ കൈവരിക്കാനാകൂ. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്നും ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ വളർച്ച ലോകത്തിന്റെ ഭാവി നിശ്ചയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന നികുതി 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന് ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരുന്ന 25 ശതമാനം പിഴ നികുതി അമേരിക്ക നീക്കം ചെയ്തു. ഇതിന് പകരമായി റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കാനും അമേരിക്കയിൽ നിന്ന് ഊർജ്ജം വാങ്ങാനും ഇന്ത്യ സമ്മതിച്ചു. അടുത്ത 5 വർഷത്തിനുള്ളിൽ 500 ബില്യൺ ഡോളറിന്റെ ഊർജ്ജം, വിമാനം, ഹൈടെക് ഉൽപ്പന്നങ്ങൾ എന്നിവ അമേരിക്കയിൽ നിന്ന് ഇന്ത്യ വാങ്ങും.


