തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കില്‍ (എന്‍.ഐ.ആര്.എഫ്.) ദേശീയ തലത്തില്‍ 25-ാം സ്ഥാനവും സംസ്ഥാനതലത്തില്‍ തുടര്‍ച്ചയായ നാലാം തവണ ഒന്നാം സ്ഥാനവും നേടിയ യൂണിവേഴ്സിറ്റി കോളേജിന് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ആദരം. യൂണിവേഴ്സിറ്റി കോളേജ് അലുമിനി അസോസിയേഷന് കോളേജില്‍ സംഘടിപ്പിച്ച ചടങ്ങ് പൊതുവിദ്യാഭ്യാസ -തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. അക്കാദമികവും അക്കാദമികേതരവുമായ പ്രവര്‍ത്തനങ്ങളില്‍ ഒരേ സമയം മികവു പ്രകടിപ്പിക്കുന്ന യൂണിവേഴ്സിറ്റി കോളേജ് കേരളത്തില്‍ സവിശേഷ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടികളെ പരമാവധി സഹായിക്കുന്ന മികച്ച അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ക്കിടയിലെ വര്‍ദ്ധിച്ച വനിതാപ്രാതിനിധ്യം എന്നിവയെല്ലാം യൂണിവേഴ്സിറ്റി കോളേജിനെ വ്യത്യസ്തമാക്കുന്നു. ഒട്ടേറെ പ്രതിസന്ധികള്‍ അതിജീവിച്ചാണ് യൂണിവേഴ്സിറ്റി കോളേജ് ഇപ്പോഴത്തെ മികവ് സ്വന്തമാക്കിയതെന്ന് ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. യൂണിവേഴ്സിറ്റി കോളേജ് ഇവിടെ നിന്നു മാറ്റി സ്ഥാപിക്കാന്‍ ഒരു സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ എല്ലാവരും ചേര്‍ന്ന് എതിര്ത്തുതോല്പിച്ചു. കോളേജിനെ പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റുമെന്നാണ് ഒരു നേതാവ് അന്നു പറഞ്ഞത്. അത്തരം നീക്കങ്ങളെയെല്ലാം മറികടന്ന് ഇപ്പോള്‍ ഇതുവരെയെത്തി നില്ക്കുന്നു.
കലാലയത്തിന്റെ അഭിവൃദ്ധിയില്‍ വിദ്യാര്‍ത്ഥികളും വലിയ പങ്കു വഹിച്ചിട്ടുണ്ട്. റാഗിങ്, പ്രവേശനത്തിനുള്ള കോഴ തുടങ്ങിയ ജനാധിപത്യവിരുദ്ധ പ്രവണതകള്‍ക്കെതിരെ ശക്തമായ നിലപാടു സ്വീകരിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിനായിട്ടുണ്ട്. വിദ്യാര്‍ത്ഥി സംഘടന കലാലയങ്ങളില്‍ അത്യാവശ്യമാണ്. എതിര്‍ക്കുന്നവര്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ നല്ല വശം നോക്കണം. ചെറിയ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ആകെ എതിര്‍ക്കുന്ന നിലപാടു സ്വീകരിക്കരുതെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
യൂണിവേഴ്സിറ്റി കോളേജ് അലുമിനി അസോസിയേഷന്റെ ഉപഹാരം ശിവന്‍കുട്ടിയില്‍ നിന്ന് കോളേജ് പ്രിന്‍സിപ്പല്‍-ഇന്‍-ചാര്‍ജ്ജ് ഡോ.എസ്.സുബ്രഹ്മണ്യന് ഏറ്റുവാങ്ങി. കോളേജിലെ എന്‍.ഐ.ആര്.എഫ്. നോഡല്‍ ഓഫീസര്‍ ഡോ.വി.ജി.വിജുകുമാര്‍, വകുപ്പു മേധാവികളുടെ പ്രതിന്ധി ഡോ.ബി.അശോകന്, അദ്ധ്യാപക പ്രതിനിധി ഡോ.മനോമോഹന്‍ ആന്റണി, വിദ്യാര്‍ത്ഥി യൂണിയന് പ്രതിനിധി ജിനില്‍ സജീവ് തുടങ്ങിയവരും ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി.
അലുമിനി അസോസിയേഷന് പ്രസിഡന്റ് അഡ്വ.എസ്.പി.ദീപക്ക് അദ്ധ്യക്ഷനായിരുന്നു. കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍മാരായ ഡോ.കെ.സുകുമാരന്‍, പ്രൊഫ.ഗോപാലകൃഷ്ണന്, അലുമിനി അസോസിയേഷന് ജനറല്‍ സെക്രട്ടറി ജി.വേണുഗോപാല്‍, സ്റ്റാഫ് അഡ്വൈസര്‍ ഡോ.സജ്ന, ഡോ.നീനാ പ്രസാദ് തുടങ്ങിയവരും സംബന്ധിച്ചു.
ദേശീയ തലത്തില്‍ 1,802 കോളേജുകളുമായി മത്സരിച്ചാണ് യൂണിവേഴ്സിറ്റി കോളേജ് 25-ാം സ്ഥാനത്ത് എത്തിയത്. പഠനം, പഠനസൗകര്യം, വിജയശതമാനം, ഗവേഷണം എന്നിവയെല്ലാം പരിഗണിച്ചാണ് റാങ്കിങ്. അദ്ധ്യാപനത്തിലും പഠനനിലവാരത്തിലും വിദ്യാര്‍ത്ഥികളുടെ തൊഴില്‍ലഭ്യതയിലും രാജ്യത്തെ ആദ്യ 10 കോളേജുകള്‍ക്ക് ലഭിച്ച ഗ്രേഡ് യൂണിവേഴ്സിറ്റി കോളേജും നേടി. ഗവേഷണത്തില്‍ കൂടി മുന്നേറ്റം സാദ്ധ്യമായാല്‍ യൂണിവേഴ്സിറ്റി കോളേജ് രാജ്യത്തെ ആദ്യ 10 കോളേജുകളില്‍ ഒന്നാവും.
യൂണിവേഴ്സിറ്റി കോളേജില്‍ 18 ബിരുദ കോഴ്സുകള്‍, 20 ബിരുദാനന്തര ബിരുദ കോഴ്സുകള്‍, 13 എം.ഫില്‍ കോഴ്സുകള്‍ എന്നിവയ്ക്കു പുറമെ 17 വിഭാഗങ്ങളില്‍ ഗവേഷണവും നടക്കുന്നു. 221 അദ്ധ്യാപകരുള്ളതില്‍ 90 ശതമാനവും ഗവേഷണ ബിരുദമുള്ളവരാണ്. 80ലേറെ പേര് വിവിധ തരം ഗവേഷണങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ 600ലേരെ ഗവേഷണ പ്രബന്ധങ്ങളാണ് കോളേജില്‍ നിന്നു പുറത്തുവന്നത്. ആകെയുള്ള 2,451 ബിരുദ വിദ്യാര്‍ത്ഥികളില്‍ 1,439 പേരും 736 ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളില്‍ 593 പേരും പെണ്‍കുട്ടികളാണ്. 80 ശതമാനം കെട്ടിടങ്ങളും ക്ലാസ് മുറികളും ഭിന്നശേഷി സൗഹൃദമാണ്.
സര്‍വ്വകലാശാല പരീക്ഷകളില്‍ എല്ലാ വര്‍ഷവും ശരാശരി 30 റാങ്കുകളെങ്കിലും യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ്.
മാത്രവുമല്ല ഈ കോളേജിൽ നിന്നുള്ള കുട്ടികളുടെ വിജയശതമാനം വളരെ കൂടുതലാണ്. ഇവിടെ പഠിക്കുന്ന 80 ശതമാനം കുട്ടികളും ഉന്നതവിദ്യാഭ്യാസം നേടുന്നു. കായിക ഇനങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ ടീമുകള്‍ കോളേജിലുണ്ട്. അതിനാല്‍ത്തന്നെ ഇവിടെ വിദ്യാര്‍ത്ഥികളായി ഒട്ടേറെ ദേശീയ-സംസ്ഥാന താരങ്ങളുമുണ്ട്. കലാപ്രവര്‍ത്തനങ്ങളിലും കോളേജിന്റെ സ്ഥാനം ഏറ്റവും മുന്നില്‍ തന്നെ. 26 ക്ലബ്ബുകളും കോളേജില്‍ പ്രവര്‍ത്തിക്കുന്നു. ഇതിന്റെയൊക്കെ ഫലമായി നാക് അക്രഡിറ്റേഷനില്‍ യൂണിവേഴ്സിറ്റി കോളേജിന് എ ഗ്രേഡാണ്.
യൂണിവേഴ്സിറ്റി കോളേജിനെ പൈതൃക മന്ദിരമായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ സര്‍ക്കാരില്‍ നിന്നു സാമ്പത്തികസഹായം കൃത്യമായി ലഭിക്കുകയും അത് വിനിയോഗിക്കപ്പെടുകയും ചെയ്യുന്നു. സര്‍ക്കാരിന്റെ 965 ലക്ഷം രൂപ സഹായത്തോടെ കേന്ദ്രീകൃത ഗ്രന്ഥാലയം ഉള്‍പ്പെടെയുള്ള കെട്ടിടസമുച്ചയത്തിന്റെ പണി അവസാനഘട്ടത്തിലാണ്.