ഡൽഹി: ആഗോളതലത്തിൽ വില കുറയുകയും ബജറ്റ് കമ്മി കുറയ്ക്കാൻ സർക്കാർ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, വളങ്ങൾക്ക് സബ്സിഡി നൽകുന്നതിന് ഇന്ത്യ ചെലവഴിക്കുന്ന തുക വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. 2023-24 സാമ്പത്തിക വർഷത്തെ വളം സബ്സിഡി ബിൽ ഒരു ട്രില്യണ്‍ മുതൽ 1.5 ട്രില്യണ്‍ രൂപ വരെ കുറയ്ക്കുമെന്നാണ് റിപ്പോർട്ട്.
കുറഞ്ഞ വളം വിഹിതം ഇന്ത്യയുടെ ബജറ്റ് കമ്മി കുറയ്ക്കുക എന്ന ലക്ഷ്യത്തിന് സഹായകമാകും. ഉക്രൈനിലെ റഷ്യയുടെ അധിനിവേശത്തിനുശേഷം, ഭക്ഷണത്തിന്റെയും ഊർജ്ജത്തിന്റെയും ചെലവ് കുതിച്ചുയർന്നു. ഭക്ഷണം, വളം, ഇന്ധനം എന്നിവയ്ക്കായി സർക്കാർ ചെലവഴിക്കുന്നത് ഈ വർഷത്തെ ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ 70 ശതമാനം കൂടുതലാണ്.
എന്നിരുന്നാലും, പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ ഈ നീക്കം വെല്ലുവിളിച്ചേക്കാം. ആഗോളതലത്തിൽ രാസവളങ്ങളുടെ വില കുറയുമെന്നും ആഭ്യന്തര ഉൽപാദനം വർദ്ധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.