കൃഷിഭവനുകൾ മുഖേന കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്ന തൈകൾക്ക് വില ഈടാക്കുന്നുവെന്ന ആക്ഷേപം കഴിഞ്ഞ ദിവസം ചില മാധ്യമങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ ഈ ആക്ഷേപം അടിസ്ഥാനരഹിതമാണ്.
ആവാസവ്യവസ്ഥയുടെ പുനസ്ഥാപനം ലക്ഷ്യമിട്ട് കൃഷി വകുപ്പ് കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയാണ് ഒരു കോടി ഫലവൃക്ഷതൈകളുടെ വിതരണം. ഈ വർഷവും പദ്ധതി നടപ്പിലാക്കുന്നുണ്ട്. സംസ്ഥാനത്തെ തനത് ഫല വൃക്ഷങ്ങളുടെയും വിദേശ ഇനം ഫല വർഗ്ഗങ്ങളുടെയും ഉൾപ്പെടെ 30 ഇനം ഫലവൃക്ഷങ്ങളുടെ ഒരു കോടി തൈകൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുകയും പൊതുസ്ഥലങ്ങളിൽ വച്ചുപിടിപ്പിക്കുകയുമാണ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്. പ്ലാവ്, മാവ്, മാതളം, പാഷൻഫ്രൂട്ട്, ചാമ്പ ഇനങ്ങൾ ,സപ്പോർട്ട, അവക്കാഡോ, ഓറഞ്ച്, പേരയ്ക്ക, നാരകം ഇനങ്ങൾ, മുരിങ്ങ, കറിവേപ്പ്, കുടംപുളി, റമ്പൂട്ടാൻ, മാങ്കോസ്റ്റിൻ പപ്പായ, വാഴയിനങ്ങൾ, ചതുരപ്പുളി, ഡ്രാഗൺ ഫ്രൂട്ട്, ലിച്ചി, പാൽപ്പഴം, മിറക്കിൾ ഫ്രൂട്ട്, വെസ്റ്റ് ഇന്ത്യൻ ചെറി, വുഡ് ആപ്പിൾ, ഇലുമ്പൻപുളി, സീതപ്പഴം, കസ്റ്റാർഡ്ഡ് ആപ്പിൾ എന്നിവയാണ് പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന പ്രധാന ഫലവൃക്ഷതൈകൾ. ഈ വർഷം ഇതുവരെ 29 ലക്ഷം ഫലവൃക്ഷതൈകൾ ആദ്യഘട്ടത്തിൽ വിതരണം ചെയ്തു കഴിഞ്ഞു.
കൃഷി വകുപ്പിന്റെ തന്നെ നിർദ്ദേശപ്രകാരം കൃഷിവകുപ്പിന് കീഴിലുള്ള ഫാമുകൾ, വി എഫ് പി സി കെ, കാർഷിക കർമ്മ സേന/ അഗ്രോ സർവീസ് സെന്റർ, കാർഷിക സർവകലാശാല, എം ജി എൻ ആർ ഇ ജി എസ് /അയ്യങ്കാളി തൊഴിലുറപ്പ് ,കുടുംബശ്രീ എന്നീ സ്ഥാപനങ്ങൾ ഫല വർഗ്ഗ വികസന പദ്ധതിപ്രകാരം ഉൽപാദിപ്പിക്കുന്ന ഗ്രാഫ്റ്റ്, ലെയർ, ടിഷ്യുകൾച്ചർ തൈകൾ ഒഴികെയുള്ള ഫലവൃക്ഷതൈകൾ പൂർണ്ണമായും സൗജന്യമായാണ് വിതരണം ചെയ്യുന്നത്. ഗ്രാഫ്റ്റ്, ലെയർ, ടിഷ്യൂ കൾച്ചർ എന്നിവയ്ക്ക് 25 ശതമാനം വില ഈടാക്കിയാണ് നൽകുന്നത്. ഗ്രാഫ്റ്റ് ചെയ്ത ഫല വൃക്ഷത്തൈകൾക്ക് 50 മുതൽ 200 രൂപ വരെയാണ് അടിസ്ഥാന വില. ലെയർ ചെയ്ത തൈകൾക്ക് 25 മുതൽ 50 രൂപവരെയും വിലയുണ്ട് . ഗുണമേന്മയുള്ള ഗ്രാഫ്റ്റ് ലെയർ തൈകൾക്ക് ആവശ്യക്കാർ ഏറെയാണ്.
