തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കും മകനും മലപ്പുറം എആർ നഗർ ബാങ്കിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്നും ഇക്കാര്യം ഇഡി അന്വേഷിക്കണമെന്നുമുള്ള കെടി ജലീലിന്റെ ആവശ്യത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ സഹകരണ മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ല. ഇഡിയുടെ ചോദ്യം ചെയ്യലോടുകൂടി ജലീലിന് ഇഡിയിൽ വിശ്വാസ്യത കൂടിയിട്ടുണ്ടെന്നാണ് തോന്നുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
സഹകരണ ബാങ്കിൽ ഇഡി അന്വേഷണം സാധാരണ ഗതിയിൽ ഉന്നയിക്കാൻ പാടില്ലാത്തതാണ്. ഇത്തരമൊരു ആവശ്യമുണ്ടായത് ശരിയല്ല. ഇക്കാര്യങ്ങൾ അന്വേഷിക്കാൻ സംസ്ഥാനത്തുതന്നെ സംവിധാനങ്ങളുണ്ടെന്നും ഇഡി അന്വേഷണം വേണമെന്ന ജലീലിന്റെ ആവശ്യം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി വിശദീകരിച്ചു.
എആർ നഗർ ബാങ്കിന്റെ കാര്യത്തിൽ സഹകരണ വകുപ്പ് കർശന നടപടിയിലേക്ക് നീങ്ങിയതാണ്. എന്നാൽ കോടതിയുടെ സ്റ്റേ നിലനിൽക്കുന്നതിനാലാണ് മറ്റു നടപടികളിലേക്ക് നീങ്ങാൻ സാധിക്കാതിരുന്നത്. അന്വേഷണത്തിന് യാതൊരു വിധത്തിലും തടസവുമുണ്ടാകില്ലെന്നും കുറ്റം കണ്ടെത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്കും മകനും എആർ നഗർ ബാങ്കിലുള്ള കള്ളപ്പണ നിക്ഷേപം സംബന്ധിച്ച തെളിവുകൾ ജലീൽ കഴിഞ്ഞ ദിവസമാണ് ഇഡിക്ക് കൈമാറിയിരുന്നത്.