തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചെന്ന വാർത്ത തള്ളിക്കളയാതെ സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ . പാർട്ടിയുടെ ഭാഗമായതിന്റെ പേരിൽ ക്രൂരമായി ആക്രമിക്കപ്പെട്ട നേതാവാണ് ഇപിയെന്നും പി ജയരാജൻ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയിൽ ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണങ്ങൾ വ്യാജ വാർത്തയാണോ എന്ന ചോദ്യത്തിനു പാർട്ടിക്കുള്ളിൽ നടന്ന ചർച്ചകൾ പുറത്ത് പങ്കുവയ്ക്കാൻ താൽപര്യമില്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.
ഇ പി ജയരാജൻ റിസോർട്ട് നടത്തുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഞാൻ ആ സ്ഥലത്ത് പോയിട്ടില്ല. നാട്ടിൽ മത വർഗീയത ശക്തിപ്പെടുകയും ലഹരി ഉപയോഗം വർദ്ധിക്കുകയും ചെയ്യുന്നു. അതാണ് തന്നെ ഏറ്റവും കൂടുതൽ അലട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ തിരുത്തൽ രേഖയ്ക്ക് സംസ്ഥാന കമ്മിറ്റി യോഗത്തിൽ അംഗീകാരം നൽകിയിരുന്നു. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാനും തീരുമാനമായിരുന്നു.
വലതുപക്ഷ നയത്തിലേക്കാണ് പാർട്ടി പോകുന്നതെന്ന് സംസ്ഥാന കമ്മിറ്റിയിൽ ചർച്ച ചെയ്തിട്ടില്ലെന്നും പി ജയരാജൻ പറഞ്ഞു. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ഇ.പിക്കെതിരെ സംസ്ഥാന കമ്മിറ്റിയിൽ ആരോപണമുന്നയിച്ചത് പി.ജയരാജനാണ്. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. ഇ പി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടർമാരായിരിക്കുന്ന കമ്പനിയാണ് റിസോർട്ടിന്റെ നടത്തിപ്പുകാർ എന്നാണ് ആരോപണം. അങ്ങേയറ്റം ആധികാരികതയോടെയാണ് ആരോപണം ഉന്നയിക്കുന്നതെന്നും പി ജയരാജൻ യോഗത്തിൽ പറഞ്ഞു. റിസോർട്ട് ആരംഭിക്കുന്ന സമയത്ത് വിഷയം ചൂണ്ടിക്കാണിച്ചപ്പോഴാണ് ഡയറക്ടർ ബോർഡിൽ മാറ്റം വരുത്തിയത്. ഗുരുതരമായ ആരോപണങ്ങളിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് പി ജയരാജൻ ആവശ്യപ്പെട്ടു. ആരോപണം ഉന്നയിച്ച സംസ്ഥാന സമിതിയിൽ ഇ.പി പങ്കെടുത്തില്ല.