ലഖ്നൗ: ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ വനിതാ അഭിഭാഷകരെ നിയമിക്കണമെന്ന് നിര്‍ദേശം. അലഹബാദ് ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് ലീഗൽ സർവീസസ് കമ്മിറ്റിക്ക് നിർദ്ദേശം നൽകിയത്.
ഇത്തരം കേസുകളിൽ അക്രമത്തിന് ഇരയാകുന്ന കുട്ടികളെ പ്രതിനിധീകരിക്കാൻ ലീഗൽ സർവീസസ് കമ്മിറ്റി അഭിഭാഷകരെ നിയമിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് വേണ്ടി പോക്സോ കേസുകളിൽ വളരെ കുറച്ച് വനിതാ അഭിഭാഷകർ മാത്രമാണ് ഹാജരാകുന്നതെന്ന് ജസ്റ്റിസ് അജയ് ഭാനോട്ട് നിരീക്ഷിച്ചു.
“ഇത്തരം സാഹചര്യങ്ങളില്‍, അവരെ പ്രതിനിധീകരിക്കാന്‍, പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്കുട്ടികളായിരിക്കുമ്പോള്, വനിതാ അഭിഭാഷകയെ നിയമിക്കാന്‍ കമ്മിറ്റിയോട് അഭ്യര്‍ത്ഥിക്കുന്നു” ജസ്റ്റിസ് അജയ് ഭാനോട്ട് പറഞ്ഞു. സംസാരവൈകല്യമുള്ള പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. ഐപിസി സെക്ഷൻ 376, പോക്സോ നിയമം, പട്ടികജാതി പട്ടികവർഗക്കാർക്കെതിരായ അതിക്രമങ്ങൾ തടയൽ എന്നിവ പ്രകാരം ബലാത്സംഗത്തിന് കേസെടുത്ത ഹർജിക്കാരന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു സിംഗിൾ ബെഞ്ച്.