തിരുവനന്തപുരം: പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഓൺലൈനാക്കി മാറ്റുമെന്നും സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഓൺലൈൻസേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്നും ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ.അനിൽ. വഞ്ചിയൂർ കോടതിയ്ക്ക് സമീപം പ്രവർത്തിച്ചിരുന്ന തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസ് ,കടകംപള്ളി മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റിയതിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യ പൊതുവിതരണ വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളും ഈ സർക്കാരിന്റെ കാലത്തുതന്നെ സ്വന്തം കെട്ടിടങ്ങളിലേക്ക് മാറുമെന്നും
കാർഡുടമകൾക്ക് അവരുടെ ആവശ്യങ്ങളും പരാതികളും ഓൺലൈനായി പരിഹരിക്കുന്നതിന് എല്ലാ സപ്ലൈ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
വിപണിയിലെ വില നിയന്ത്രണത്തിന് ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ഭാഗത്ത് നിന്നും സജീവ ഇടപെടലുകളാണുണ്ടായത്. അതിന്റെ ഭാഗമായി
പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്താനും കഴിഞ്ഞു. ഓരോ പ്രദേശത്തും ഏറ്റവും കൂടുതൽ നെറ്റ്വർക്ക് കവറേജുള്ള കമ്പനികളുടെ സിമ്മുകളുപയോഗിച്ച് ഇ-പോസ് മെഷീനിലെ നെറ്റ്വർക്ക് തകരാറുകൾക്ക് ശാശ്വതപരിഹാരം കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം താലൂക്കിലെ 334 റേഷൻ കടകൾക്ക് കീഴിൽ വരുന്ന രണ്ട് ലക്ഷത്തോളം കാർഡുടമകൾക്കുള്ള സേവനങ്ങളാണ് താലൂക്ക് സപ്ലൈ ഓഫീസിൽ നിന്ന് ലഭിക്കുക. മിനി സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറിയതോടെ പ്രതിമാസ വാടകയിനത്തിൽ 29,000 രൂപയാണ് വകുപ്പിന് ലാഭിക്കാനായത്.
അഞ്ച് കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച മിനി സിവിൽ സ്റ്റേഷനിൽ കടകംപള്ളി വില്ലേജ് ഓഫീസ്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസ്, ജില്ലാ എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഓഫീസ്, ആനയറ കുടുംബക്ഷേമ ഉപകേന്ദ്രം എന്നിവ ഉടൻ തന്നെ പ്രവർത്തനമാരംഭിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പറഞ്ഞു.
ഭക്ഷ്യ പൊതുവിതരണ-ഉപഭോക്തൃകാര്യ കമ്മിഷണർ ഡോ.ഡി.സജിത് ബാബു, വാർഡ് കൗൺസിലർ പി.കെ.ഗോപകുമാർ, മറ്റ് ജനപ്രതിനിധികൾ, ജില്ലാ സപ്ലൈ ഓഫീസർ സി.എസ്.ഉണ്ണികൃഷ്ണകുമാർ, വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
