ന്യൂഡൽഹി: കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ കൂട്ടാളികൾക്കെതിരെ വ്യാപക റെയ്ഡുകളുമായി ദേശീയ സുരക്ഷാ ഏജൻസി (എൻ ഐ എ). മുംബയിലെ ബാന്ദ്ര, ബോറിവാലി, ഗോറെഗാവ്, പരേൽ, സാന്താക്രൂസ് ഉൾപ്പടെ ഇരുപതോളം സ്ഥലങ്ങളിലാണ് റെയ്ഡുകൾ നടന്നത്. ദാവൂദിന്റെ സംഘവുമായി ബന്ധമുള്ള ഷാർപ്പ് ഷൂട്ടർമാർ, മയക്കുമരുന്ന് കടത്തുകാർ, ഹവാല ഇടപാടുകാർ, റിയൽ എസ്റ്റേറ്റ് മാനേജർമാർ, മറ്റ് പ്രധാനികൾ എന്നിവർക്കെതിരെയാണ് റെയ്ഡുകൾ നടക്കുന്നത്.
ദാവൂദിന്റെ ഡി കമ്പനിയുടെ ഉന്നതസ്ഥാനങ്ങളിലുള്ളവർ വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് തീവ്രവാദ പ്രവർത്തനങ്ങളിലും ഇന്ത്യയുടെ ക്രമസമാധാനം തകർക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളിലും പങ്കാളികളാകുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് എൻ ഐ എ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഡി കമ്പനിയ്ക്കെതിരെ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) ആണ് ചുമത്തിയിരിക്കുന്നത്. പാകിസ്ഥാനിലെ കറാച്ചി കേന്ദ്രീകരിച്ച് ദാവൂദും കൂട്ടാളികളും ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും നടത്തിവരുന്ന തീവ്രവാദ പ്രവർത്തനങ്ങളെല്ലാം തന്നെ എൻഐഎ കൃത്യമായി നിരീക്ഷിച്ചുവരുന്നുണ്ട്.

ദാവൂദിന് പുറമേ അധോലോക കുറ്റവാളികളായ ഛോട്ടാ ഷക്കീൽ, ജാവേദ് ചിക്ന, ടൈഗർ മേനോൻ, ഇഖ്ബാൽ മിർച്ചി, ഹസീന പാർക്കർ തുടങ്ങിയവരും എൻ ഐ എയുടെ നിരീക്ഷണ വലയത്തിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതും ഈ കേസുമായി ബന്ധപ്പെട്ടാണ്. 1993 ലെ ബോംബെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് ദാവൂദിനെ 2003ൽ ഇന്ത്യയും അമേരിക്കയും ചേർന്ന് ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.
