
തിരുവനന്തപുരം: കുന്നംകുളം കസ്റ്റഡി മർദനത്തിൽ പ്രതിപ്പട്ടികയിലുള്ള 4 പൊലീസ് ഉദ്യോഗസ്ഥരേയും സസ്പെൻ്റ് ചെയ്തു. എസ് ഐ നുഹ്മാൻ , സിപി ഒമാരായ ശശിധരൻ, കെജെ സജീവൻ, എസ് സന്ദീപ് എന്നിവരെയാണ് സസ്പെൻ്റ് ചെയ്ത് ഉത്തരവിറങ്ങിയത്. ഇവർക്കെതിരെ വകുപ്പുതല പുനരന്വേഷണത്തിനും ഉത്തരവിട്ടു. എല്ലാ രേഖകളും ഹാജരാക്കാൻ ഐജി രാജ്പാൽ മീണയാണ് ഉത്തരവിട്ടത്. പൊലീസുകാർക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്ന് ഇന്നലെ ഡിജിപി റാവഡാ ചന്ദ്രശേഖർ പ്രതികരിച്ചിരുന്നു.
തൃശ്ശൂർ റേഞ്ച് ഡിഐജി ഉത്തരമേഖല ഐജിക്ക് നൽകിയ റിപ്പോർട്ടിൽ സസ്പെൻഷന് ശുപാർശ ചെയ്തിരുന്നു. അച്ചടക്ക നടപടി പുനപരിശോധിക്കാനും നിർദേശിച്ചിരുന്നു. ഡിഐജി ഹരിശങ്കറാണ് ഉത്തമേഖല ഐജിക്ക് റിപ്പോർട്ട് നൽകിയത്. 4 പൊലീസുകാർക്കെതിരെ കോടതി ക്രിമിനൽ കേസെടുത്തിട്ടുണ്ടെന്നും അതിനാൽ സസ്പെൻഡ് ചെയ്യണമെന്ന് ഡിഐജി റിപ്പോർട്ടിൽ പറയുകയായിരുന്നു. അതേസമയം, സസ്പെൻഷനല്ല, അവരെ പിരിച്ചുവിടണമെന്നാണ് സുജിത് ആവശ്യപ്പെടുന്നത്.
പൊലീസിന്റെ ഭീഷണിയെ ചോദ്യം ചെയ്തതിന്റെ പേരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ സ്റ്റേഷനിൽ വെച്ച് അതിക്രൂരമായി തല്ലച്ചതയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനിലാണ് യുവാവിന് ക്രൂരമര്‍ദനമേറ്റത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റാണ് സുജിത്ത്. 2023 ഏപ്രിൽ അഞ്ചിനാണ് സംഭവം നടന്നത്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങള്‍ ലഭിച്ചത്
