മനാമ: ബഹ്റൈനിൽ കനത്ത പൊടിക്കാറ്റിനെ തുടർന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ കാലാവസ്ഥാ ഡയറക്ടറേറ്റ് ജാഗ്രതാ നിർദേശം നൽകി. ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ കനത്ത പൊടിക്കറ്റാണ് അനുഭവപ്പെട്ടത്. ഇത് സാധാരണ ജനജീവിതത്തെ ബാധിച്ചു. റോഡിൽ കാഴ്ച വളരെ കുറവായിരുന്നതിനാൽ വാഹനമോടിക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
ജനങ്ങൾ പുറത്തിറങ്ങുന്നതും നേരിട്ട് പൊടിയേല്ക്കുന്നതും ഒഴിവാക്കണമെന്നും റോഡ് ഉപയോഗിക്കുന്നവരും കടൽ യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. പറക്കാനോ വീഴാനോ സാധ്യതയുള്ള കെട്ടിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന വസ്തുക്കൾ ശ്രദ്ധിക്കണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
പൊടിക്കാറ്റുമൂലം നിരത്തുകളിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചതായി ബഹ്റെെൻ പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വീശിയ പൊടിക്കാറ്റ് കാരണം 150 ലോഡ് മണലാണ് രാജ്യത്തിന്റെ വിവിധ റോഡുകളിൽ നിന്നും, പൊതുഇടങ്ങളിൽ നിന്നും നീക്കം ചെയ്തത്. കൂടാതെ ഇലക്ട്രിക് ചൂൽ സംവിധാനം ഉപയോഗിച്ച് പൊടിപടലങ്ങൾ നീക്കം ചെയ്യുന്ന പരിപാടികളും ആരംഭിച്ചിട്ടുണ്ട്. വാഹന ഗതാഗതത്തെ റോഡിൽ അടിഞ്ഞ് കൂടിയ മണൽ ബാധിച്ച പശ്ചാത്തലത്തിലാണ് നീക്കം ചെയ്യാനുള്ള തീരുമാനവുമായി ബഹ്റെെൻ രംഗത്തെത്തിയിരിക്കുന്നത്.