മനാമ: ഓണം ആഘോഷത്തിൻ്റെ ഭാഗമായി ബഹ്റൈനിലെ പ്രമുഖ ഹോസ്പിറ്റൽ ശൃംഖലയായ അൽ റബീഹ് ഗ്രൂപ്പ് ഓഫ് മെഡിക്കൽ അവരുടെ കീഴിലുള്ള അൽ റബീഹ് മെഡിക്കൽ സെന്റർ , അൽ റബീഹ് ഡെന്റൽ സെന്റർ , അൽ റബീഹ് ഫാർമസി , അൽ റബീഹ് ഡെന്റൽ ലബോറട്ടറി എന്നിവിടങ്ങളിലെ മാനേജ്മെൻ്റും മുഴുവൻ സ്റ്റാഫുകളും അവരുടെ കുടുംബാംഗങ്ങളും അടക്കം 600 ഓളം അംഗങ്ങളെ ഉൾപ്പെടുത്തി കൊണ്ടുള്ള വിപുലമായ ഓണാഘോഷം കിടിലോസ്കി ഓണം 2023 എന്ന പേരിൽ സൽമാബാദ് ഗൾഫ് എയർ ക്ലബിൽ വെച്ച് നടന്നു.
രാത്രി 7മുതൽ ചെണ്ടമേളത്തിൻ്റെ അകമ്പടിയിൽ മാവേലിയുടെ എഴുന്നള്ളത്തോടെ തുടങ്ങിയ പരിപാടിയിൽ മനോഹരമായ പൂക്കളവും. അംഗങ്ങളെ ഗ്രൂപ്പുകളായി തിരിച്ചുള്ള വാശിയേറിയ വടംവലി മത്സരവും, ഓണക്കളികളും തിരുവാതിരയും ഓണാഘോഷത്തിന് മിഴിവേകി. വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം അംഗങ്ങളുടെ ഡാൻസ്, പാട്ട് പോലുള്ള കലാ കായിക മത്സരങ്ങളും അരങ്ങേറി. ഗ്രൂപ്പ് മത്സര വിജയികളെ സമ്മാനങ്ങൾ നൽകി ആദരിച്ചു.
ഓണം മലയാളി സമൂഹത്തിന് നൽകിയ സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ഐക്യത്തിൻ്റെയും സന്ദേശവും ചിന്തകളും കൈമാറുന്നതായിരുന്നു എല്ലാ അംഗങ്ങളെയും ഒരുപോലെ പങ്കെടുപ്പിച്ചു കൊണ്ടുളള അൽറബീഹ് ഗ്രൂപ്പിൻ്റെ ഓണാഘോഷം . ചെയർമാൻ മുജീബ് അടാട്ടിൽ സി.ഇ.ഒ നൗഫൽ അടാട്ടിൽ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.