
മനാമ: അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ കിന്റര്ഗാര്ട്ടന് കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ജൂണ്‍ 14, 15, 16 തീയതികളില്‍ സ്കൂള്‍ കാമ്പസില്‍ നടന്നു. വര്ണപ്പകിട്ടാര്ന്ന ചടങ്ങില്‍ കുടുംബാംഗങ്ങളുടെയും അദ്ധ്യാപകരുടെയും സാന്നിധ്യത്തില്‍ കുട്ടികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി.

സ്കൂള്‍ സ്ഥാപക ചെയര്മാന് അലി ഹസന്, ഡയറക്ടര്‍ ഡോ. മുഹമ്മദ്
മഷൂദ്, പ്രിന്‍സിപ്പല്‍ അബ്ദുറഹ്മാന് അല്‍ കുഹെജി, ക്വാളിറ്റി അഷ്വറന്‍സ് മേധാവികള്‍, അദ്ധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഹജര്‍ സുഹൈര്‍, സാറ നബീല്‍, അഹമ്മദ് ഫാദേല്‍, ഷെയ്ഖ് മിം, ആയിഷ ഫഹദ്, അലി ഹുസൈന് എന്നീ വിദ്യാര്‍ത്ഥികള്‍ അറബിയിലും ഇംഗ്ലീഷിലും സ്വാഗത പ്രസംഗം നടത്തി.

ദേശീയഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. മാലിക് താമര്‍, മുഹമ്മദ് മഹ്മൂദ്, യൂസിഫ് അഹമ്മദ് എന്നിവര്‍ വിശുദ്ധ ഖുര്‍ആനിലെ വാക്യങ്ങള്‍ വായിച്ചു. ഏകദേശം 700 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്കി.

സ്കൂളിന്റെ ബ്രിട്ടീഷ്, ബഹ്റൈനി, സി.ബി.എസ്.ഇ. വിഭാഗങ്ങളില്‍ ഒന്നാം ക്ലാസിലേക്ക് മാറാന്‍ കുട്ടികള്‍ അര്‍ഹരായി. ചടങ്ങില്‍ കുട്ടികള്‍ അറബിയിലും ഇംഗ്ലീഷിലും ഗാനങ്ങള്‍ ആലപിച്ചു. കുട്ടികളുടെ മറ്റു കലാപ്രകടനങ്ങളും അരങ്ങേറി.
