
മനാമ: അമേരിക്കയിലെ സർജിക്കൽ റിവ്യൂ കോർപ്പറേഷന്റെ (എസ്.ആർ.സി) സെന്റർ ഓഫ് എക്സലൻസ് ഇൻ മെറ്റബോളിക് ആൻ്റ് ബാരിയാട്രിക് സർജറി അക്രഡിറ്റേഷൻ ലഭിച്ചതോടെ ഈ അഭിമാനകരമായ അന്താരാഷ്ട്ര അംഗീകാരമുള്ള ബഹ്റൈനിലെ ഏക ആശുപത്രിയായി അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ മാറി.
എസ്.ആർ.സി. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. നീൽ ഹച്ചറും എസ്.ആർ.സിയിലെ ഇന്റർനാഷണൽ ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഡോ. ഡാനിയേല കാസഗ്രാൻഡെയും പങ്കെടുത്ത ചടങ്ങിൽ അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് സി.ഇ.ഒ. ഡോ. ശരത് ചന്ദ്രനും അൽ ജനറൽ സർജറി (ബാരിയാട്രിക് സർജറി) ആൻ്റ് മെഡിക്കൽ സർവീസസ് ഗ്രൂപ്പ് മേധാവി ഡോ. അമർ അൽഡെറാസിയും ചേർന്ന് അക്രഡിറ്റേഷൻ സ്വീകരിച്ചു.
അൽ ഹിലാൽ പ്രീമിയർ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ, ക്ലിനിക്കൽ പാതകൾ, ശസ്ത്രക്രിയാ ഫലങ്ങൾ, മെറ്റബോളിക്, ബാരിയാട്രിക് സേവനങ്ങളുടെ പൂർണ്ണ വ്യാപ്തി എന്നിവയുടെ സമഗ്രമായ വിലയിരുത്തലിനെ തുടർന്നാണ് എസ്.ആർ.സി. അക്രഡിറ്റേഷൻ സർവേ നടത്തിയത്. രോഗികളുടെ സുരക്ഷ, ഗുണനിലവാരം, ക്ലിനിക്കൽ മികവ് എന്നിവയ്ക്കായി അന്താരാഷ്ട്രതലത്തിലുള്ള മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയാണ് അംഗീകാരം നൽകിയത്. ശസ്ത്രക്രിയാ ഗുണനിലവാര ഉറപ്പിലും രോഗീ സുരക്ഷയിലും ആഗോളതലത്തിൽ ഒരു മുൻനിര അതോറിറ്റിയായി അംഗീകരിക്കപ്പെട്ട എസ്.ആർ.സി മികച്ച ക്ലിനിക്കൽ ഫലങ്ങൾ പ്രകടിപ്പിക്കുന്ന, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്ന, പൂർണ്ണമായും സംയോജിത മൾട്ടി ഡിസിപ്ലിനറി പരിചരണ മാതൃക പാലിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ അതിന്റെ സെന്റർ ഓഫ് എക്സലൻസ് പദവി നൽകുന്നുള്ളൂ.
അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിൻ്റെ ഒമ്പത് സേവന സൗകര്യങ്ങൾ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി ഡയമണ്ട് അക്രഡിറ്റേഷൻ നേടിയിട്ടുണ്ടെന്നും 2016 മുതൽ ഗ്രൂപ്പിൻ്റെ മുഹറഖ് ആശുപത്രിക്ക് ജോയിന്റ് കമ്മീഷൻ ഇന്റർനാഷണൽ അംഗീകാരമുണ്ടെന്നും ഏറ്റവുമൊടുവിൽ അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ ഈ അക്രഡിറ്റേഷനും കൂടി നേടിയതിൽ അഭിമാനമുണ്ടന്നും ഡോ. ശരത് ചന്ദ്രൻ പറഞ്ഞു.


