കോഴിക്കോട്: സിപിഎം ആസ്ഥാനമായ തിരുവനന്തപുരത്തെ എകെജി സെന്ററിലേക്ക് ബോംബെറിഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ വാക്പോരും പരസ്പര ആരോപണങ്ങളും തുടങ്ങിയിരുന്നു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് സിപിഎം നേതാക്കളുടെ ആരോപണം. അതേസമയം സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനായി സിപിഎം തന്നെ നടത്തിയ നാടകമാണിതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. മുസ്ലിം ലീഗ് നേതാവ് പികെ ഫിറോസും ഇതേ ആരോപണവുമായി രംഗത്തെത്തി.

ചോദിക്കുന്നവരൊക്കെ പറയുന്ന കാര്യം എ.കെ.ജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത് അവർ തന്നെയായിരിക്കുമെന്നാണ്. എന്ത് കൊണ്ടായിരിക്കും ആളുകളിങ്ങനെ വിചാരിക്കാൻ കാരണം? ഞാൻ മനസ്സിലാക്കിയ കാരണങ്ങളിതൊക്കെയാണ്- അക്കമിട്ട് നിരത്തി കാരണങ്ങള്‍ വ്യക്തമാക്കുകയാണ് പികെ ഫിറോസ്.

പികെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഞാൻ മനസ്സിലാക്കിയ കാരണങ്ങളിതൊക്കെയാണ്.
1. ടി.പി ചന്ദ്രശേഖരനെ കൊല്ലാൻ വന്ന സി.പി.എം ക്രിമിനലുകൾ സഞ്ചരിച്ച ഇന്നോവയുടെ പിറകിൽ മാഷാ അള്ളാഹ് എന്ന സ്റ്റിക്കറൊട്ടിച്ച് തീവ്രവാദികളാണ് കൊലക്ക് പിന്നിലെന്ന് പ്രചരിപ്പിച്ചു.
2. തലശ്ശേരിയിൽ കാരായിമാരുടെ നേതൃത്വത്തിൽ ഫസലിനെ കൊന്ന് രക്തത്തുള്ളികൾ ഒരു ടവ്വലിലാക്കി ആർ.എസ്.എസ്സുകാരന്റെ വീട്ടുപടിക്കൽ ഉപേക്ഷിച്ച് കൊലപാതകം വഴി തിരിച്ചു വിടാൻ ശ്രമിച്ചു.
3. വടകര മേമുണ്ടയിൽ ആർ.എസ്.എസ്സിന്റെ ഫ്ലക്സ് ബോർഡുകൾ തകർത്ത് അവിടെയുള്ള മദ്രസയിൽ കൊണ്ടു പോയിട്ട് കലാപമുണ്ടാക്കാൻ നോക്കി. തൊട്ടടുത്തുള്ള സെക്യൂരിറ്റി ജീവനക്കാരൻ കയ്യോടെ പിടിച്ചത് കൊണ്ട് മാത്രം കലാപം ഒഴിവായി.
4. ബാലുശ്ശേരി പാലോളിയിൽ SDPI-ലീഗ് പ്രശ്നങ്ങൾ നിലനിൽക്കുന്നിടത്ത് അർധരാത്രി SDPIയുടെ ബോർഡുകൾ തകർത്ത് സംഘർഷമുണ്ടാക്കാൻ ശ്രമിച്ചു. DYFI പ്രവർത്തകനെ കയ്യോടെ പിടികൂടിയപ്പോൾ നേതാക്കൾ പറഞ്ഞിട്ടാണ് ഇത് ചെയ്തതെന്ന് പറഞ്ഞു.
5. ബേപ്പൂരിൽ K റെയിൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി ഞങ്ങൾ സർവേ കുറ്റികൾ പിഴുതപ്പോൾ യൂത്ത് ലീഗുകാർ അമ്പലത്തിലെ കുറ്റി പിഴുതു എന്ന് ദേശാപമാനി പത്രമടക്കം പ്രചരിപ്പിച്ച് വർഗീയ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചു.
6. ആലപ്പുഴയിൽ കൃഷ്ണപിള്ളയുടെ സ്മാരകം തകർത്ത് പ്രദേശത്ത് സംഘർഷമുണ്ടാക്കാൻ നോക്കി. ഒടുവിൽ പിടിക്കപ്പെട്ടത് അഞ്ച് സി.പി.എം പ്രവർത്തകരെ.
7. മാഹി പന്തക്കലിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ബോംബേറെന്ന് പാർട്ടി പ്രചരിപ്പിച്ചു. ഒടുവിൽ പോലീസ് അന്വേഷിച്ചപ്പോൾ ബ്രാഞ്ച് സെക്രട്ടറിയും പാർട്ടി പ്രവർത്തകനും സ്വയം ചെയ്ത് നാട്ടിൽ സംഘർഷമുണ്ടാക്കാൻ ശമിച്ചതാണെന്ന് കണ്ടെത്തി. രണ്ട് പേരെയും ജയിലിലടച്ചു. ഇതൊക്കെ ചെയ്ത ഇവർ ഇതല്ല ഇതിനപ്പുറവും ചെയ്യുമെന്ന് ആരെങ്കിലും വിചാരിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല.
അപ്പോ എല്ലാവരും ഗോ റ്റുയുവർ ക്ലാസസ്…
