
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ഏറ്റ പ്രഹരത്തിന്റെ നാണക്കേട് മാറ്റാൻ പാക് മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഇന്ത്യയ്ക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നു. ഇന്ത്യൻ വ്യോമസേനയുടെ അഞ്ച് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്നും സിന്ദൂറിന് ശേഷം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നൽകിയെന്നും തരത്തിലുള്ള വാർത്തകളാണ് പാക് മാദ്ധ്യമങ്ങൾ പങ്കുവയ്ക്കുന്നത്. പാകിസ്ഥാൻ സർക്കാരുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളാണ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്. എക്സ് ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രചരണം ശക്തമാണ്.
ഇന്ത്യയിലെ 15 സ്ഥലങ്ങളിൽ മിസൈൽ ആക്രമണം നടത്തിയെന്നും ശ്രീനഗർ വ്യോമതാവളം തകർത്തുവെന്നുമുള്ള പോസ്റ്റുകളും നിറയുകയാണ്. പാകിസ്ഥാൻ സൈനിക മാദ്ധ്യമ വിഭാഗമായ ഇന്റർ സർവീസസ് പബ്ലിക്ക് റിലേഷൻസുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ വഴിയും വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ വാർത്തകളെ ന്യായീകരിക്കാനുള്ള ചിത്രങ്ങളോ തെളിവുകളോ നിരത്താൻ അവർക്ക് സാധിച്ചിട്ടില്ല. വർഷങ്ങൾ പഴക്കമുള്ള വീഡിയോകളും ചിത്രങ്ങളുമാണ് പാക് മാദ്ധ്യമങ്ങൾ പങ്കുവയ്ക്കുന്നത്.
ബുധനാഴ്ച പുലർച്ചെയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ തിരിച്ചടി നൽകിയത്. എത്ര ഭീകരർ കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല. പാക് സൈനിക കേന്ദ്രങ്ങളെയോ സാധാരണ ജനങ്ങളയോ ലക്ഷ്യമിട്ടില്ലെന്ന് സൈന്യം അറിയിച്ചു. ഭീകരരെ മാത്രം ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ഭീകരരുടെ കേന്ദ്രങ്ങളായ ഒൻപത് ഇടങ്ങളിലാണ് ഇന്ത്യൻ സൈന്യം തിരിച്ചടി നൽകിയിരിക്കുന്നത്.
ബഹാവൽപൂർ, മുസാഫറാബാദ്, കോട്ലി, മുറിഡ്കെ എന്നിവിടങ്ങളിൽ ആക്രമണമുണ്ടായതായി പാകിസ്ഥാനിൽ മാദ്ധ്യമ റിപ്പോർട്ടുകളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരീക്ഷണത്തിലായിരുന്നു തിരിച്ചടി. അതിനിടെ രാജ്യം അതീവ ജാഗ്രതയിലാണ്. അതിർത്തിയിലെ അഞ്ച് വിമാനത്താവളങ്ങൾ അടച്ചു. അതിർത്തിയിലെ ജനങ്ങളെ ബങ്കറുകളിലേക്ക് മാറ്റുകയാണ്. ജമ്മു കാശ്മീരിലും പഞ്ചാബിലുമടക്കമുള്ള വ്യോമസംവിധാനങ്ങൾക്ക് ഇന്ത്യ സൈനിക നടപടിക്ക് പിന്നാലെ ജാഗ്രതാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
