മനാമ: സൗദിയിലെ ഉംറ തീർഥാടനത്തിനുള്ള ഔദ്യോഗിക ഓൺലൈൻ ട്രാവൽ ഏജൻസിയായി അക്ബർ ട്രാവൽസിന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ അംഗീകാരം. ഹജ്ജ്, ഉംറ തീർഥാടകർക്ക് നൽകുന്ന മികച്ച സേവനം പരിഗണിച്ചാണ് ലോകമാകെയുള്ള 28 ട്രാവൽ ഏജൻസികളിൽ ഒന്നായി അക്ബർ ട്രാവൽസിനും അംഗീകാരം ലഭിച്ചതെന്നും, ഏറ്റവും മികച്ച പാക്കേജുകൾ പുതിയ സംവിധാനത്തിലൂടെ തീർഥാടകർക്ക് ലഭിക്കുമെന്നും അക്ബർ ഹോളിഡേയ്സ് സി.ഇ.ഒ ബേനസീർ നാസർ ബഹ്റൈനിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഉംറ ട്രിപ്പ്.കോം (UmrahTrip.com) എന്ന പേരിൽ ആരംഭിച്ച വെബ്സൈറ്റ് മുഖേനയാണ് അക്ബർ ട്രാവൽസ് ഉംറ സേവനം ലഭ്യമാക്കുന്നത്. ഉംറ ബുക്കിങ്ങിനുള്ള നടപടിക്രമങ്ങൾ കൂടുതൽ എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയും എന്നതാണ് തീർഥാടകർക്ക് ഇതുവഴി ലഭിക്കുന്ന നേട്ടം. ഇതിനൊപ്പം വാട്സ്ആപ്പ് വഴിയും ബുക്കിങ് നടത്താൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ബുക്കിങ് പൂർത്തിയാകുമ്പോൾ ലഭിക്കുന്ന ബുക്കിങ് റഫറൻസ് നമ്പർ ഉപയോഗിച്ച് ഔദ്യോഗിക ഉംറ വെബ്സൈറ്റിൽ പ്രവേശിച്ച് ഉംറ വിസക്ക് അപേക്ഷ നൽകാം. ഉംറ സേവനത്തിന് സൗദി മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രാവൽ ഏജൻസിയാണ് അക്ബർ ട്രാവൽസ്.
വാർത്തസമ്മേളനത്തിൽ അക്ബർ ട്രാവൽസ് മിഡിൽ ഈസ്റ്റ് മാനേജിങ് ഡയറക്ടർ ആഷിയ നാസർ, ബഹ്റൈൻ കൺട്രി ഹെഡ് രാജു പിള്ള, സൗദി അറേബ്യ ജനറൽ മാനേജർ അസ്ഹർ ഖുറേഷി, അക്ബർ ഓൺലൈൻ (ജി.സി.സി) മാനേജർ അഹ്മദ് കാസിം, എന്നിവരും പങ്കെടുത്തു.