കൽപ്പറ്റ: ഷുഹൈബ് വധക്കേസിലെ പ്രതി ആകാൾ തില്ലങ്കേരി നിയമം ലംഘിച്ച് ജീപ്പിൽ യാത്ര ചെയ്തത സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി. പനമരം ആർ.ടി.ഒയ്ക്ക് പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി. കണ്ണൂരിലെ യൂത്ത് ലീഗ് നേതാവ് ഫർസീൻ മജീദാണ് പരാതി നൽകിയത്. ആകാശ് തില്ലങ്കേരിക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പിൽ യാത്ര ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നത്. സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് യാത്ര. വയനാട്ടിൽ യാത്ര നടത്തുന്ന ദൃശ്യങ്ങൾ ആകാശ് തില്ലങ്കേരി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ രൂക്ഷ വിമർശനം ഉയർന്നിട്ടുണ്ട്. അതേസമയം അനുകൂലിച്ചും ചിലർ രംഗത്തെത്തുന്നുണ്ട്.
ആകാശ് തില്ലങ്കേരി ഉപയോഗിച്ച ജീപ്പ് ഇയാളുടേതല്ലെന്ന് ആർ.ടി.ഒയുടെ അന്വേഷണത്തിൽ വ്യക്തമായി. മലപ്പുറം മൊറയൂർ സ്വദേശി സുലൈമാൻ്റേതാണ് വാഹനം. നേരത്തെയും നിരവധി നിയമലംഘനങ്ങൾക്ക് പിടിയിലായ വാഹനമാണിത്.
സാമൂഹിക മാധ്യമങ്ങളിലടക്കം നടത്തിയ പരിശോധനയിലാണ് വാഹനം തിരിച്ചറിഞ്ഞത്. 2021, 2023 വർഷങ്ങളിലും ഇതേ വാഹനം വിവിധ നിയമ ലംഘനങ്ങൾ നടത്തിയിരുന്നു. KL 10 BB 3724 എന്ന ജീപ്പാണിത്. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ആകാശ് തില്ലങ്കേരി ഓടിച്ച സമയത്ത് പ്രദർശിപ്പിച്ചിരുന്നില്ല.