
തിരുവനന്തപുരം: എല്‍.ഡി.എഫ്. ഘടകകക്ഷികള്‍ ശക്തമായ പ്രതിഷേധമറിയിച്ചിട്ടും എ.ഡി.ജി.പി. എം.ആര്. അജിത് കുമാറിനെതിരെ ഉടന്‍ നടപടി വേണ്ടെന്ന നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ആര്.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ഘടകകക്ഷികള്‍ എല്‍.ഡി.എഫ്. യോഗത്തില്‍ അതിശക്തമായ നിലപാട് സ്വീകരിച്ചെങ്കിലും ഉടനെ നടപടി ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
സി.പി.ഐ, എന്‍.സി.പി, ആര്.ജെ.ഡി. എന്നീ കക്ഷികളാണ് അജിത് കുമാറിനെ മാറ്റണമെന്ന് മുന്നണി യോഗത്തില്‍ ശക്തമായി ആവശ്യപ്പെട്ടത്. എന്നാല്‍ കൂടിക്കാഴ്ച സംബന്ധിച്ച് പോലീസ് അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. ആരോപണങ്ങളെല്ലാം അന്വേഷിക്കും. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കും. അന്വേഷണം തീരുംവരെ നടപടി വേണ്ടെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.
സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി എ.ഡി.ജി.പിയെ പ്രതിരോധിച്ചത്. എ.ഡി.ജി.പിയെ മാറ്റാന്‍ നടപടിക്രമങ്ങളുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് കിട്ടണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. ആര്.എസ്.എസ്. നേതാക്കളെ എ.ഡി.ജി.പി. കണ്ടത് ചര്‍ച്ച ചെയ്യണമെന്ന് യോഗത്തില്‍ ആര്.ജെ.ഡി. ആവശ്യപ്പെട്ടതായി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് യോഗത്തിനു ശേഷം അറിയിച്ചു. വിഷയം യോഗത്തിന്റെ അജണ്ടയില്‍ ഉണ്ടായിരുന്നില്ല. താന്‍ ആവശ്യപ്പെട്ട പ്രകാരമാണ് ചര്‍ച്ച നടത്തിയതെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
ഇതോടെ സി.പി.ഐയും എന്‍.സി.പിയും അവരുടെ നിലപാടറിയിച്ചു. തുടര്‍ന്ന് ഈ രാഷ്ട്രീയ വിഷയം കൂടി അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എല്‍.ഡി.എഫ്. യോഗം ആരംഭിക്കുന്നതിനു മുമ്പ് എന്‍.സി.പിയും ആര്.ജെ.ഡിയും അജിത് കുമാറിനെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. മുന്നണി യോഗത്തിനു മുമ്പായി സി.പി.എം. നേതാക്കളുമായി സി.പി.ഐ. നേതാക്കള്‍ സംസാരിക്കുകയും ചെയ്തിരുന്നു.
