ചെന്നൈ: ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായി രജനീകാന്തിന്റെ മകൾ ഐശ്വര്യ രജനീകാന്ത് പൊലീസില്‍ പരാതി നൽകിയിരുന്നു. വജ്രം, സ്വർണ്ണാഭരണങ്ങൾ, രത്നങ്ങൾ എന്നിവ കാണാനില്ലെന്നാണ് ഐശ്വര്യ പരാതി നൽകിയത്. മൂന്ന് ജീവനക്കാർക്കെതിരെയാണ് ഇവരുടെ പരാതി.
ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോൽ എവിടെയാണെന്ന് ജീവനക്കാർക്ക് അറിയാമായിരുന്നു. മൂന്ന് ജീവനക്കാരെ സംശയിക്കുന്നതായി ഐശ്വര്യ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഐശ്വര്യയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച തേനാംപേട്ട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
60 പവനോളം ആഭരണങ്ങൾ നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഐശ്വര്യയുടെ വീട്ടിൽ വീട്ടുജോലിക്കാരിയായിരുന്ന ഈശ്വരി (40) അറസ്റ്റിലായി. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോൾ ഭയം കാരണം വ്യക്തമായ ഉത്തരം നൽകിയില്ലെന്നും പൊലീസ് പറഞ്ഞു. പിന്നീട് സാഹചര്യത്തെളിവുകൾ ഹാജരാക്കിയപ്പോൾ ഇവർ കുറ്റം സമ്മതിച്ചു.