ന്യൂഡല്‍ഹി: ഭാരതി എയർടെൽ തങ്ങളുടെ 5 ജി സേവനം 500 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഒറ്റയടിക്ക് 235 നഗരങ്ങളിൽക്കൂടി 5 ജി സേവനം ലഭ്യമാക്കിയാണ് റിലയൻസ് ജിയോയെ പിന്തള്ളി എയർടെല്ലിന്റെ മുന്നേറ്റം. നിലവിൽ, 5 ജി ആരംഭിച്ച് കൂടുതൽ നഗരങ്ങളിൽ 5 ജി സേവനം ലഭ്യമാക്കിയ ടെലികോം കമ്പനി എന്ന നേട്ടവും എയർടെല്ലിനാണ്.
എയർടെൽ പ്രതിദിനം 30 മുതൽ 40 വരെ നഗരങ്ങളിൽ 5 ജി പ്ലസ് ലഭ്യമാക്കുമെന്നും ഈ വർഷം സെപ്റ്റംബറോടെ രാജ്യത്തെ മുഴുവൻ നഗരത്തെയും എയർടെല്ലിന്റെ 5 ജി നെറ്റ്വർക്കുമായി ബന്ധിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഭാരതി എയർടെൽ സിടിഒ രൺദീപ് സെഖോൺ പറഞ്ഞു.
ഇതുവരെയുള്ളതിൽ ഏറ്റവും വലിയ 5ജി സേവന നഗരങ്ങളുടെ പ്രഖ്യാപനമാണ് എയർടെൽ നടത്തിയിരിക്കുന്നത്. റിലയൻസ് ജിയോയുടെ അൾട്രാ ഹൈ സ്പീഡ് 5 ജി നെറ്റ്വർക്ക് ഇതുവരെ 406 നഗരങ്ങളിൽ മാത്രമേ ലഭ്യമായിട്ടുള്ളൂ.