ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായി തുടുരുന്നു. ഈ സാഹചര്യത്തില്‍ ഡല്‍ഹിയിലെ പ്രൈമറി സ്കൂളുകള്‍ അടച്ചിടുന്നത് ഈ മാസം 10 വരെ തുടരുമെന്ന് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി അതിഷി അറിയിച്ചു. ആറ് മുതല്‍ 12-ാം ക്ലാസ് വരെയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറുന്നതിനുള്ള അനുമതിയും ഡല്‍ഹി സര്‍ക്കാര്‍ നല്കി. സ്കൂളുകളില്‍ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നേരത്തെ നവംബര്‍ അഞ്ച് വരെയായിരുന്നു അവധി നല്‍കിയിരുന്നത്. അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ അടച്ചിടല്‍ പത്ത് വരെ നീട്ടി.
കേന്ദ്ര മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ കണക്കുകളനുസരിച്ച് ഡല്‍ഹിയിലെ വായുനിലവാര സൂചിക ഒക്ടോബര്‍ 27-നും നവംബര്‍ മൂന്നിനും ഇടയില്‍ 200 പോയന്റില്‍ അധികമാണ് വര്‍ധിച്ചത്. ഞായറാഴ്ച രാവിലെ മലിനീകരണ തോത് 460-ല്‍ എത്തിയിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായിരിക്കെ, ആരോഗ്യ പ്രശ്നങ്ങള്‍ നേരിടാനാവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നഭ്യര്‍ഥിച്ച് ഡല്‍ഹി പരിസ്ഥിതിവകുപ്പ് മന്ത്രി ഗോപാല്‍ റായ് കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. അന്തരീക്ഷ മലിനീകരണം ക്രമാതീതമായി ഉയരുന്നത് തടയാന്‍ നിരത്തുകളില്‍ ഇലക്ട്രിക്, സി.എന്‍.ജി. വാഹനങ്ങള്‍ക്കുപുറമേ ബി.എസ്. 4 വരെയുള്ള വാഹനങ്ങള്‍ മാത്രമേ അനുവദിക്കാവൂ എന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിക്കയച്ച കത്തില്‍ ഗോപാല്‍ റായ് ചൂണ്ടിക്കാട്ടി. മലിനീകരണം നിയന്ത്രിക്കുന്നതിന് അയല്‍സംസ്ഥാനങ്ങളായ യു.പി, പഞ്ചാബ്, ഹരിയാണ സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.