തിരുവനന്തപുരം : കണ്ണൂർ സ്വദേശിയായ എയർ മാർഷൽ ശ്രീകുമാർ പ്രഭാകരൻ ഹൈദരാബാദിലെ വ്യോമസേനാ അക്കാഡമിയുടെ മേധാവിയായി ഇന്ന് ചുമതലയേറ്റു.
1983 ഡിസംബർ 22-ന് ഭാരതീയ വ്യോമസേനയിൽ യുദ്ധവൈമാനികനായി കമ്മീഷൻ ചെയ്ത എയർമാർഷൽ ശ്രീകുമാർ, നാഷണൽ ഡിഫൻസ് അക്കാഡമിയിൽ നിന്നും ബിരുദം കരസ്തമാക്കിയിട്ടുണ്ട്. ന്യൂ ഡൽഹി നാഷണൽ ഡിഫൻസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ അദ്ദേഹം വെല്ലിങ്ടൺ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്. ഏകദേശം 5000 മണിക്കൂറുകൾ ഭാരതീയ വായുസേനയുടെ ഒറ്റ-എൻജിൻ യുദ്ധ വിമാനങ്ങളും, പരിശീലന വിമാനങ്ങളും പറപ്പിച്ചിട്ടുള്ള എയർ മാർഷൽ വിമാന പരിശീലകനായും (ക്യാറ്റ്-എ) സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മൂന്നു വർഷം പ്രസിദ്ധമായ സൂര്യകിരൺ എയറോബാറ്റിക് ടീമിന്റെ കമാൻഡിങ് ഓഫീസറായിരുന്ന എയർ മാർഷൽ സിംഗപ്പൂർ, മ്യാന്മാർ, ബാങ്കോക്ക് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ 150-ൽ അധികം അപകടരഹിത പ്രദർശനങ്ങൾ കാഴ്ച്ചവച്ചിട്ടുണ്ട്. ഈകാലയളവിൽ സൂര്യകിരൺ യൂണിറ്റിന് വ്യോമസേനമേധാവിയുടെ പ്രശംസ പത്രവും ലഭിച്ചിട്ടുണ്ട്.
രണ്ട് സുപ്രധാന ഫ്ളയിങ് സ്റ്റേഷനുകളുടെ കമാൻഡിങ് ഓഫീസറായി ചുമതല വഹിച്ചിട്ടുള്ള അദ്ദേഹം വെല്ലിംഗ്ടൺ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ സിനിയർ ഡയറക്ടിംഗ് സ്റ്റാഫ്, കോളേജ് ഓഫ് വാർഫെയറിന്റെ കമാൻഡൻറ് , വ്യോമസേനാ ആസ്ഥാനത്ത് അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് (ഇന്റലിജൻസ്), ഡയറക്ടർ ജനറൽ (ഇൻസ്പെക്ഷൻ-സേഫ്റ്റി) എന്നീ പദവികളും വഹിച്ചിട്ടുണ്ട്. കെയ്റോ, സൈപ്രസ്, ഡിജിബുറ്റി, എത്യോപ്യ, സുഡാൻ എന്നിവിടങ്ങളിൽ അദ്ദേഹം എയർ അറ്റാഷെയായും പ്രവർത്തിച്ചിട്ടുണ്ട്. വ്യോമസേന അക്കാഡമിയുടെ മേധാവിയാകുന്നതിനു മുൻപ് അദ്ദേഹം ദക്ഷിണ-പശ്ചിമ കമാന്റി്ൽ സീനിയർ എയർ സ്റ്റാഫ് ഓഫീസറായിരുന്നു.
മികച്ച സേവനത്തിന് 2005-ൽ അദ്ദേഹത്തിന് വായു സേനാ മെഡൽ ലഭിച്ചിട്ടുണ്ട്.
കണ്ണൂർ കല്ല്യാശ്ശേരി സ്വദേശികളായ ശ്രീ.സി.സി.പി. നമ്പ്യാരുടേയും പദ്മിനി നമ്പ്യാരുടേയും മകനാണ് എയർ മാർഷൽ ശ്രീകുമാർ പ്രഭാകരൻ. കൊച്ചി സ്വദേശിനിയായ രേഖ പ്രഭാകരൻ നമ്പ്യാറാണ് എയർമാർഷലിന്റെ പത്നി. ആട്ടോമൊബൈൽ എഞ്ചിനീയറായ അദ്ദേഹത്തിന്റെ് മൂത്ത മകൻ വരുൺ അറ്റ്ലാൻഡയിൽ UX-ഡിസൈനറായി ജോലി ചെയ്യുന്നു, ഇലക്ട്രോണിക്സ് ആൻറ് കമ്മ്യൂണിക്കേഷൻ എൻജിനീയറായ ഇളയ മകൻ തനയ് തന്റെ ഇഷ്ട മേഖലയായ വൈമാനികനാകുവാൻ തയ്യാറെടുക്കുകയാണ്.