ന്യൂഡൽഹി : എയർ ഇന്ത്യ വിമാന കമ്പനി ഈ മാസം 27നു ടാറ്റ സൺസ് ഏറ്റെടുക്കും. കമ്പനിയുടെ അന്തിമ വരവുചെലവ് കണക്ക് ഇന്നലെ എയർ ഇന്ത്യ ടാറ്റയ്ക്കു കൈമാറി. കണക്കുകളുടെ പരിശോധന നാളെയ്ക്കകം പൂർത്തിയാക്കും.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളുടെ 100 % ഓഹരികളും എയർ ഇന്ത്യയുടെ കാർഗോ വിഭാഗമായ എയർപോർട്ട് സർവീസസ് ലിമിറ്റഡിന്റെ (സാറ്റ്സ്) 50 ശതമാനവുമാണ് ടാറ്റ ഏറ്റെടുക്കുക.
കഴിഞ്ഞ ഒക്ടോബറിൽ എയർ ഇന്ത്യയുടെ ലേല നടപടികളിൽ 18,000 കോടി രൂപയുടെ ടെൻഡർ സമർപ്പിച്ചാണു ടാറ്റ ഒന്നാമതെത്തിയത്. എയർ ഇന്ത്യയുടെ ആകെയുള്ള കടത്തിൽ 15,300 കോടി രൂപ ഏറ്റെടുക്കുന്ന ടാറ്റ, ടെൻഡർ തുകയിൽ ബാക്കിയുള്ള 2700 കോടി രൂപ കേന്ദ്രത്തിനു പണമായി കൈമാറും.