ജയ്പൂർ: രാജസ്ഥാനിലെ ജയ്സാൽമെറിന് സമീപം വ്യോമസേന വിമാനം തകർന്നു വീണു. അപകടത്തിൽ പൈലറ്റ് മരിച്ചതായി വ്യോമസേന സ്ഥിരീകരിച്ചു. മിഗ് 21 എന്ന യുദ്ധവിമാനമാണ് തകർന്നു വീണത്. കുനൂർ അപകടത്തിന്റെ ഞെട്ടൽ ബാക്കി നിൽക്കേയാണ് ഈ അപകടം.
ഗംഗ ഗ്രാമത്തിന് സമീപമുള്ള ഡിഎൻപി ഏരിയയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. ഇന്ന് രാത്രി 8.30ഓടെയാണ് അപകടമുണ്ടായത്. കാണാതായ പൈലറ്റിനായുള്ള തിരച്ചിലിനിടെ പൈലറ്റിനെ രക്ഷാപ്രവർത്തകർ കണ്ടെത്തിയെങ്കിലും, തീപിടുത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റതിനാൽ രക്ഷിക്കാനായില്ല.
പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയോ സാങ്കേതിക തകരാറോ ആണ് ഇതിനു പിന്നിലെ കാരണമെന്നാണ് പ്രാഥമിക വിവരം. നിലവിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.
