കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈ മാസം 12-ന് കൊച്ചിയിലെ ഓഫീസിൽ ചോദ്യംചെയ്യാൻ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കേസിൽ നേരത്തെ ഇ.ഡി അയച്ചിരുന്ന സമൻസ് പിൻവലിച്ചിരുന്നു.
വ്യക്തമായ നിയമോപദേശം തേടിയ ശേഷമാണ് നിലവിൽ തോമസ് ഐസക്കിന് അധികൃതർ നോട്ടീസ് അയച്ചിരിക്കുന്നത്. വിശദമായ ചോദ്യംചെയ്യൽ ഈ കേസിൽ തുടർന്നും ഉണ്ടാകുമെന്നാണ് വിവരം. കിഫ്ബിയുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയച്ചട്ടത്തിലെ (ഫെമ) നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് ഇ.ഡി.യാണെന്നായിരുന്നു വിഷയത്തിൽ ആർ.ബി.ഐ നിലപാട്.
നേരത്തെ, വ്യക്തിവിവരങ്ങൾ തേടി ഇ.ഡി. സമൻസ് അയച്ചതിനെത്തുടർന്ന് തോമസ് ഐസക്കും കിഫ്ബിയിലെ ഉന്നത ഉദ്യോഗസ്ഥരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും സമൻസ് അയക്കുന്നത് നേരത്തേ സിംഗിൾ ബെഞ്ച് വിലക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഈ ഉത്തരവിൽ ഭേദഗതി വരുത്തി സമൻസ് അയക്കാൻ അനുമതി നൽകിക്കൊണ്ട് നവംബർ 24-ന് ഹെെക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അന്വേഷണം തുടരാമെന്നും വ്യക്തമാക്കിയിരുന്നു. കിഫ്ബിയുടെ പ്രവർത്തനങ്ങൾ നിയമാനുസൃതമായിരുന്നില്ലെന്നും വ്യാപകമായ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നുമാണ് ഇ.ഡി. ആരോപണം. കിഫ്ബിയുടെ കടമെടുപ്പ് പ്രധാനമായും മസാലബോണ്ട് വഴിയാണ്. ഇന്ത്യൻ രൂപയിൽ വിദേശത്തുനിന്ന് കടമെടുക്കുന്ന മസാലബോണ്ട് കേന്ദ്രസർക്കാരിന്റെ അനുമതിയോടെ ചെയ്യേണ്ടതായിരുന്നു. വിദേശകടമെടുപ്പിന്റെ അധികാരം കേന്ദ്രസർക്കാരിനാണ്. സി.എ.ജി. ചൂണ്ടിക്കാട്ടിയ ഈ ക്രമക്കേടുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണം.