ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് നേരെ വീണ്ടും കണ്ണീര് വാതകം പ്രയോഗിച്ച് പൊലീസ്. പഞ്ചാബ് -ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ ഹരിയാന പൊലീസാണ് കണ്ണീര് വാതകം പ്രയോഗിച്ചത്. കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ സമരം പുനരാരംഭിച്ചത്.
സമരത്തെ പ്രതിരോധിക്കുന്നതിനായി പൊലീസ് സ്ഥാപിച്ച ബാരിക്കേടുകള്‍ പൊളിക്കാന്‍ ഹൈഡ്രോളിക് ക്രെയിന്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ കര്‍ഷകര്‍ സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്ക് എതിരെ കര്‍ഷക സംഘടനകളുടെ ഡല്‍ഹി ചലോ മാര്‍ച്ച് നടക്കുകയാണ്.
പൊലീസിന്റെ കണ്ണീര്‍വാതക ഷെല്ലുകളെ തടയാനായി വാഹനങ്ങളില്‍ നിരവധി ചാക്കുകളും കര്‍ഷകര്‍ എത്തിച്ചിട്ടുണ്ട്. കണ്ണീര്‍വാതക ഷെല്ലുകള്‍ക്കു മുകളിലേക്ക് നനഞ്ഞ ചാക്കുകള്‍ ഇട്ട് പുക തടയുകയാണ് കര്‍ഷകരുടെ പദ്ധതി. കണ്ണീര്‍വാതകത്തെ തടയാനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഹെല്‍മറ്റുകളും കര്‍ഷകരുടെ പക്കലുണ്ട്.
കര്‍ഷക മുന്നേറ്റത്തെ നേരിടാന്‍ പൊലീസും സജ്ജമാണ്. കര്‍ഷകരുമായുള്ള നാലാമത്തെ ചര്‍ച്ചയും ലക്ഷ്യം കാണാതെ പിരിഞ്ഞതോടെയാണ് കര്‍ഷകര്‍ വീണ്ടും ഡല്‍ഹി ചലോ മാര്‍ച്ചുമായി മുന്നോട്ട് പോകുന്നത്. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഡല്‍ഹിയില്‍ തങ്ങളെ സമാധാനപരമായി പ്രതിഷേധിക്കാന്‍ അനുവദിക്കുക എന്ന ആവശ്യമാണ് കര്‍ഷകര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.